ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്

ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-ട്വന്റി മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ബസിനു നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചാണ് ഗ്ലാസുകള്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കു വെച്ചത്. മത്സരത്തിനു ശേഷം താരങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു വരുന്നതിനിടയായിരുന്നു കല്ലേറ്.

രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സഞ്ചരിക്കുന്ന ബസിനു നേരെ കല്ലേറുണ്ടാകുന്നത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് കഴിഞ്ഞ് വരുന്ന വഴിയിലും താരങ്ങളുടെ ബസിനു നേരെ കല്ലേറുണ്ടായിരുന്നു.

ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. ബസിന്റെ വിന്‍ഡോ സീറ്റിനരികില്‍ ആരുമില്ലാതിരുന്നതിനാല്‍ താരങ്ങള്‍ക്കാര്‍ക്കും പരുക്കില്ല. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും.

അതേസമയം സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനോട് മാപ്പു പറയുന്നതായി അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങള്‍ അസമിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉടന്‍ നടപടിയെടുക്കുമെന്നും ബിശ്വ ശര്‍മ്മ പറഞ്ഞു.

വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ എന്നിവരും ട്വീറ്റ് ചെയ്തു. മത്സരങ്ങള്‍ക്കായി എത്തുന്ന താരങ്ങളുടെ സുരക്ഷ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ഒരു മനോഹരമായ മത്സരത്തിനു ശേഷം ഇങ്ങനെയൊരു സംഭവം നടന്നത് ഖേദകരമാണെന്നും ഇരുവരും പ്രതികരിച്ചു. താരങ്ങളുടെ ബസിനു നേരെ കല്ലെറിഞ്ഞവരില്‍ രണ്ടു പേരെ പൊലീസ് പിടികൂടിയതായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top