കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു

ഇര്‍ഫാന്‍ ഖാന്‍

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു. അഭയക്കേസിന്റെ നാള്‍വഴികള്‍ തന്റെ ആത്മകഥയിലൂടെ പുറംലോകത്തെ അറിയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ കേന്ദ്രവേഷത്തിലെത്തുന്നത്. 1992 ല്‍ നടന്ന കൊലപാതകം ഇന്നും കേരളക്കരയ്ക്ക് ഒരു സംസാരവിഷയം തന്നെയാണ്. 25വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്ന അന്വേഷണം, മാറിമാറി വന്ന വിവിധ അന്വേഷണ വിഭാഗങ്ങള്‍, കോടതി നടപടികള്‍, അങ്ങനെ അഭയക്കേസിന്റെ നാള്‍വഴികള്‍ പ്രതിപാദിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മക്കഥയായ അഭയക്കേസ് ഡയറിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുക.

സിസ്റ്റര്‍ അഭയ

എസിഎം എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും കാള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി നിര്‍മ്മാതാവ് ആദിത്യ ജോഷിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈമാസം 31 ന് കരാറൊപ്പിടുമെന്ന് അഭയക്കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കൂടിയായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

നേരത്തെ മലയാളത്തില്‍ അഭയക്കേസ് ആസ്പദമാക്കി ക്രൈം ഫയല്‍ എന്നൊരു ചിത്രമിറങ്ങിയിരുന്നു. സുരേഷ്‌ഗോപി, സംഗീത, വിജയരാഘവന്‍, ജനാര്‍ദ്ധനന്‍ എന്നിവരായിരുന്നു കേന്ദ്രവേഷത്തില്‍. സിബിഐ അന്വേഷണത്തിന് ശേഷമുള്ള വിചാരണ നടക്കാനിരിക്കെയാണ് വിവാദക്കേസ് ചലചിത്രമാക്കാന്‍ ഒരുങ്ങുന്നത്.

ക്രൈം സിനിമാ പോസ്റ്റര്‍

ഒരു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നും കേരളത്തില്‍ തന്നെ ഷൂട്ട് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മറ്റ് താരങ്ങളെയും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുദിവസങ്ങളില്‍ അറിയാം. ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിസ്റ്റര്‍ അഭയയും അവരുടെ മരണവും വീണ്ടും വെള്ളിത്തിരയില്‍ തെളിയുന്നതിനായി കാത്തിരിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top