എയര്‍ ഇന്ത്യ വില്‍പ്പനയ്ക്ക്; വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാന്‍ തയാറെന്ന്‌ കേന്ദ്രസര്‍ക്കാര്‍

എയര്‍ ഇന്ത്യ വിമാനം

ദില്ലി: ഇന്ത്യയുടെ അഭിമാനമായ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പനയിലൂടെ ഈ വര്‍ഷം 72,500 കോടി രുപ കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ളതിനാല്‍ എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നീക്കം ഉദ്ദേശിച്ച രീതിയില്‍ ഫലം കാണുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 72500 കോടി രൂപ കണ്ടെത്തുമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ, വിവിധ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അശോക് ഗജപതി രാജു, പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, ആനന്ദ് കുമാര്‍, ഹര്‍ദ്ദീപ് സിങ് പുരി, ആനന്ദ് ഗീതെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

വന്‍സാമ്പത്തിക ബാധ്യത നേരിടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഈ വര്‍ഷം ജുണിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ബജറ്റ് നിര്‍ദേശാനുസരണം വില്‍ക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ എയര്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗം ജൂണ്‍ 28 നാണ് അനുമതി നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top