special page

രാജ്യവിരുദ്ധപ്രവര്‍ത്തനം: സൗദിയില്‍ ഖത്തര്‍ പൗരനടക്കം 22 പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ജിദ്ദ: രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയ ഒരു ഖത്തര്‍ പൗരനടക്കം 22 പേര്‍ സൗദിയില്‍ പിടിയിലായി. സൈബര്‍ കുറ്റകൃത്യനിരോധന നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ 30 ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടുമൊന്നിച്ചോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണിവര്‍ ചെയ്ത്.

സൗദിയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയ കുറ്റത്തിന് 22 പേരെ പിടികൂടിയതായി സൗദി രാജ്യരക്ഷാ വിഭാഗം വക്താവാണ് അറിയിച്ചത്. പിടികൂടപ്പെട്ടവരില്‍ ഒരാള്‍ ഖത്തര്‍ പൗരനും മറ്റ് 21 പേര്‍ സൗദി പൗരന്മാരുമാണ്. സൗദിയിലെ ഹായില്‍ പ്രവിശ്യയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മിഡിയയില്‍ പ്രചരണം നടത്തിയവരാണ് അറസ്റ്റിലായത്.

സൗദി അറേബ്യയെ ബാധിക്കും വിധത്തിലുള്ള വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നതായും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. രാജ്യത്തിനെതിരെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്ന് സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു. കുറ്റവാളികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കും. രാജ്യരക്ഷ അപകടപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും സുരക്ഷാവിഭാഗം വക്താവ് അറിയിച്ചിട്ടുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ 30 ലക്ഷം റിയാല്‍ പിഴയോ രണ്ടുമൊന്നിച്ചോ ശിക്ഷയായി ലഭിക്കും. സൈബര്‍ സംവിധാനങ്ങള്‍ വഴി രാജ്യരക്ഷയെ ബാധിക്കുന്നതും മതത്തെ നിന്ദിക്കുന്നതും തിന്‍മയെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രവൃത്തികള്‍ നടത്തുന്നത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍പെടുമെന്നും സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top