ചാലക്കുടി കൊലപാതകം: അഭിഭാഷകന്‍ സിപി ഉദയഭാനു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

കൊച്ചി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യത്തിനായി ഉദയഭാനു ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കേസില്‍ തനിക്കെതിരെ കുരുക്ക് മുറുകുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഉദയഭാനു ഹൈക്കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. രാജീവിനെ പ്രതികള്‍ ചാലക്കുടിയിലേക്ക് തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിന് കൂടി വേണ്ടിയിട്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മുഖ്യപ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിമാന്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

രാജീവിനെ പിടികൂടി രേഖകളില്‍ ഒപ്പുവെക്കാന്‍ സിപി ഉദയഭാനുവാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് മുഖ്യപ്രതി ജോണിയും രജ്ഞിത്തും ഷൈജുവും കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അഭിഭാഷകനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതി ചക്കര ജോണിയെന്ന ജോണി, സഹായി രഞ്ജിത് എന്നിവരെ ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപെടാനുള്ള നീക്കത്തിനിടെ പാലക്കാട് നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് നാലുപേരെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്തംബര്‍ 29 നാണ് രാജീവിനെ തവളപ്പാറയിലെ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജീവിനെ പ്രതികള്‍ ഇവിടേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വസ്തു ഇടപാടുകളിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. വസ്തു ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് രാജീവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

കേസില്‍ അഭിഭാഷകന്റെ പങ്കിനെ കുറിച്ച് തുടക്കം മുതല്‍ തന്നെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഉദയഭാനു തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കാട്ടി രാജിവ് നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ രാജീവിന് ലോക്കല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top