അണ്ടര്‍ 17 ലോകകപ്പ് : സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി; ബ്രസീല്‍, നൈജര്‍, ഉത്തര കൊറിയ ടീമുകളും ഇന്നെത്തും

സ്പെയിന്‍ ടീം കൊച്ചിയില്‍

കൊച്ചി : അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി. എത്തിഹാദ് എയര്‍വെയ്‌സില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. മാഡ്രിഡില്‍ നിന്നും അബുദാബി വഴിയാണ് സ്പാനിഷ് ടീം കൊച്ചിയിലെത്തിയത്.

മൂന്നരയ്ക്ക് വിമാനത്താവളത്തിലെത്തിയെങ്കിലും നാലരയോടെയാണ് ലഗേജ് പരിശോധന അടക്കം പൂര്‍ത്തിയാക്കി സംഘം വിമാനത്താവളത്തിന് പുറത്തുകടന്നത്. ഫിഫ ഒഫീഷ്യല്‍സും അന്‍വര്‍ സാദത്ത് എംഎല്‍എയും ചേര്‍ന്ന് സ്പാനിഷ് ടീമിനെ വിമാനത്താവളത്തില്‍ വരവേറ്റു.

കൊച്ചിയില്‍ കളിക്കുന്ന മറ്റൊരു പ്രമുഖ ടീമായ ബ്രസീല്‍ 11.30 ന് കൊച്ചിയിലെത്തും. കഴിഞ്ഞ ആഴ്ച മുംബൈയിലെത്തിയ ബ്രസീല്‍ ടീം അവിടെ നിന്നാണ് നെടുമ്പാശ്ശേരിയിലെത്തുന്നത്.  ബ്രസീല്‍ ഫുട്‌ബോളിലെ വണ്ടര്‍ കിഡ് വിനീഷ്യസ് ലോകകപ്പിന് ഉണ്ടാകില്ലെന്നത് ആരാധകര്‍ക്ക് നിരാശ പടര്‍ത്തിയിട്ടുണ്ട്.

കൊച്ചിയില്‍ കളിക്കുന്ന മറ്റ് രണ്ട് ടീമുകളായ നൈജറും ഉത്തര കൊറിയയും ഉച്ചയ്ക്കുശേഷം എത്തിച്ചേരും. ശനിയാഴ്ചയാണ് ലോകകപ്പില്‍ കൊച്ചിയിലെ ആദ്യ മത്സരങ്ങള്‍.

വൈകീട്ട് അഞ്ചിന് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നടക്കും. കൊച്ചിയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ബ്രസീലും സ്‌പെയ്‌നും ഏറ്റുമുട്ടും. അന്ന് രാത്രി എട്ടിനാണ് ഉത്തര കൊറിയ-നൈജര്‍ മത്സരം.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളിയായ അമേരിക്കയും ദില്ലിയിലെത്തിയിട്ടുണ്ട്. ദുബായിയില്‍ ഏഴു ദിവസത്തെ പരിശീലന ക്യാമ്പിനുശേഷമാണ് അമേരിക്ക അണ്ടര്‍ 17 ലോകകപ്പിന് എത്തിയത്.ജോഷ് സര്‍ജെന്റും ടിം വിയയുമാണ് അമേരിക്കന്‍ ടീമിലെ ശ്രദ്ധേയ കളിക്കാര്‍. ഫിഫ മുന്‍ ലോകതാരം ജോര്‍ജ് വിയയുടെ മകനാണ് ടിം വിയ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top