കുവൈത്തില്‍നിന്ന് ഉടന്‍ വിട്ടയയ്ക്കുന്ന 22 പേരില്‍ രണ്ട് മലയാളികള്‍; ഇളവ് ലഭിച്ച ഇന്ത്യന്‍ തടവുകാര്‍ 119 പേര്‍

പ്രതീകാത്മക ചിത്രം

കുവൈത്തില്‍ ജയില്‍ മോചനത്തിനു അനുമതി ലഭിച്ച 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്‍പ്പെട്ടതായി വിവരം ലഭിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ ഉള്‍പെട്ട 4 മലയാളികളുടെ പേരു വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അതിനിടെ ജയില്‍ മോചനത്തിനു അനുമതി ലഭിച്ചവര്‍ നാട്ടില്‍ എത്താന്‍ ചുരുങ്ങിയത് 2 മാസമെങ്കിലും കാലതാമസം നേരിടുമെന്നാണു അറിയുന്നത്.

കഴിഞ്ഞ റമദാനില്‍ കുവൈത്ത് അമീര്‍ തടവുകാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പില്‍ 119 ഇന്ത്യന്‍ തടവുകാര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ 22 പേരെ ഉടന്‍ തന്നെ വിട്ടയക്കാനും അനുമതി ലഭിച്ചിരുന്നു. ഈ പട്ടികയില്‍ 2 മലയാളികള്‍ ഉള്‍പ്പെട്ടതായാണു വിവരം. തല്‍ ഹത്ത് ഇടവലത്ത്, സനീര്‍ കൂട്ടക്കുളം മൊയ്തു എന്നിവരാണു ഇവര്‍.ജയില്‍ മോചനത്തിനു അനുമതി ലഭിച്ച ബാക്കിയുള്ള 97 തടവുകാരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.

വിവിധ കേസുകളില്‍ വധ ശിക്ഷക്ക് വിധിച്ച 16 തടവുകാര്‍ക്കും ശിക്ഷാ ഇളവ് ലഭിച്ചിരുന്നു. ഈ പട്ടികയില്‍ 4 മലയാളികള്‍ ഉള്ളതായി റിപ്പോര്‍ട്ടര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതിനിടെ ഉടന്‍ തന്നെ മോചനം ലഭിക്കാന്‍ അനുമതി ലഭിച്ച 22 തടവുകാരുടെ നാട്ടിലേക്കുള്ള തിരിച്ച് പോക്കിനു ഇനിയും ചുരുങ്ങിയത് 2 മാസമെങ്കിലും കാല താമസം നേരിടും. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഇവരുടെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണു. ശിക്ഷാ ഇളവ് നല്‍കിയിട്ട് 3 മാസം കഴിഞ്ഞിട്ടും ഇവരെ നാടുകടത്തല്‍ കേന്ദ്രത്തില്‍ പോലും ഇത് വരെ എത്തിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top