ഏകദിനത്തില്‍ രോഹിത് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു; സച്ചിനെയും ധോണിയേയും പിന്നിലാക്കി

നാഗ്പൂര്‍: ഓസീസിനെതിരായ അവസാന ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിക്കിടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏകദിന ക്രിക്കറ്റില്‍ ആറായിരം റണ്‍സെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.

ഏറ്റവും വേഗത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 162 ആം ഇന്നിംഗ്‌സിലാണ് രോഹിത് ആറായിരം റണ്‍സ് തികച്ചത്. ഇക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിനെയും (170) ധോണിയേയും (167) രാഹുല്‍ ദ്രാവിഡിനെയും (171) രോഹിത് പിന്നിലാക്കി. വിരാട് കോഹ് ലി (136), സൗരവ് ഗാംഗുലി (147) എന്നിവരാണ് രോഹിതിനേക്കാള്‍ വേഗത്തില്‍ 6,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരങ്ങള്‍.


ഒപ്പം ഇന്ത്യന്‍ മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായും രോഹിത് മാറി. 43 ആമത്തെ മത്സരത്തില്‍ 42 ആം ഇന്നിംഗ്‌സിലാണ് രോഹിത് സ്വന്തം മണ്ണില്‍ 2,000 റണ്‍സ് തികച്ചത്. ഇക്കാര്യത്തില്‍ നിലവിലെ ക്യാപ്റ്റന്‍ കോഹ്‌ലി (46), മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി (45) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്.

മത്സരത്തില്‍ 109 പന്തില്‍ 125 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 11 ഫോറുകളും അഞ്ച് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ സെഞ്ച്വറി. കരിയറിലെ പതിനാലാം ഏകദിന സെഞ്ച്വറിയാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. ഓസീസിനെതിരായ ആറാമത്തേതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top