വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി നിര്‍ത്തി

വാള്‍സ്ട്രീറ്റ് ജേണല്‍
വാഷിങ്ടണ്‍ : ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ അച്ചടി വാള്‍സ്ട്രീറ്റ് ജേണല്‍ നിര്‍ത്തി. എഡിറ്റോറിയല്‍ പുനര്‍രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടുത്തെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇവിടങ്ങളിലെ അച്ചടി നിര്‍ത്താന്‍ കാരണമായി. ഈ വര്‍ഷം 643 മില്ല്യന്‍ ഡോളറിന്റെ നഷ്ടമാണ് പത്രത്തിനുണ്ടായത്.
നാല്പതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പത്രം ഇന്നലെ യൂറോപ്പിലെയും ഒക്ടോബര്‍ ഏഴിന് ഏഷ്യയിലെയും അച്ചടി നിര്‍ത്തും. വാള് സ്ട്രീറ്റ് ജേണലിന്റെ ഉടമസ്ഥരായ ന്യൂസ് കോര്‍പ്പാണ് ഇക്കാര്യം അറിയിച്ചത്.

1976 ലാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയില്‍ അച്ചടി ആരംഭിക്കുന്നത്. തുടര്‍ന്ന് 1983 ല്‍ യുറോപ്പിലും ആരംഭിച്ചു. എന്നാല്‍ പ്രിന്റ് ചെയ്ത് വിപണയിയിലെത്തിക്കുന്നത് കൂടുതല്പണച്ചെലവും ബാധ്യതയുമാണ് കമ്പനിക്കുണ്ടാക്കുന്നത്. കൂടുതല്‍ പേര് ഇപ്പോള്‍ ഓണ്‍ ലൈന്‍ വഴിയാണ് പത്രം വായിക്കുന്നത്. ഇതും പത്രത്തിന്റെ പ്രിന്റ് എഡിഷന് സര്‍ക്കുലേഷനെ ബാധിച്ചു.
ഏഷ്യയിലെയും യൂറോപ്പിലെയും വായനക്കാരോട് പത്രം ഇനി ഓണ്‍ലൈന്‍ വഴി വായിക്കാനാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ആവശ്യപ്പെടുന്നത്. ആറുമാസത്തേക്കുള്ള ഡിജിറ്റല്‍ സബ്സ്ക്രിപ്ഷനായി 82 പൗണ്ടാണ്(7183.28 രൂപ) വരിക്കാരന് അടയ്ക്കേണ്ടത്.
അമേരിക്കയില്‍ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലെയും അച്ചടി വാള്‍സ്ട്രീറ്റ് ജേണല്‍ നിര്‍ത്താന്‍ പോകുന്നതായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക