അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് ആശുപത്രിയിലെത്തി; ശ്വാസകോശത്തില്‍ കണ്ടത് 40 വര്‍ഷം മുന്‍പ് വിഴുങ്ങിയ കളിപ്പാട്ടത്തിന്റെ ഭാഗം

പോളിന്റെ ശ്വാസകോശത്തിന്റെ എക്‌സ്‌റേ

ലണ്ടന്‍: വിട്ടു മാറാത്ത ചുമയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമെല്ലാം പലപ്പോഴും അര്‍ബുദത്തിന്റെ ലക്ഷണമാകാറുണ്ട്. ഇങ്ങനെ ഒരു വര്‍ഷത്തിലേറെയായി നീണ്ടു നില്‍ക്കുന്ന ചുമയും മറ്റ് അസ്വസ്ഥതകളും അസഹ്യമായപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള്‍ ബോക്‌സ്റ്റര്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയത്.

പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് കേട്ട് പോള്‍ തകര്‍ന്നു പോയി. സംശയിച്ചതു പോലെ അര്‍ബുദം തന്നെയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അര്‍ബുദത്തിന്റേതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പോളിന്റെ ശ്വാസകോശത്തിനുള്ളില്‍ ദുരൂഹമായ എന്തോ ഒരു വസ്തു ഉള്ളതായി എക്‌സറേയില്‍ കണ്ടെത്തി.

നേരത്തെത്തന്നെ ന്യൂമോണിയ രോഗിയായിരുന്ന പോള്‍ അര്‍ബുദം കൂടി ബാധിച്ചിരിക്കുന്നു എന്നു കേട്ടതോടെ തകര്‍ന്നു പോയി. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട പോളിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പുറത്തു വന്ന പരിശോധന ഫലം. ശ്വാസകോശത്തില്‍ കാണപ്പെട്ട വസ്തു അര്‍ബുദത്തിന്റെ ലക്ഷണമല്ല മറിച്ച് അതൊരു കളിപ്പാട്ടത്തിന്റെ അവശിഷ്ടമായിരുന്നു.

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയായിരുന്നപ്പോള്‍ അബദ്ധത്തില്‍ കളിപ്പാട്ടത്തിന്റെ ഭാഗം ഉള്ളില്‍ പോയതായിരിക്കാമെന്നും അതാണ് ശ്വാസകോശത്തില്‍ കാണപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്ത ഭാഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അത്തരത്തില്‍ ഒരു കളിപ്പാട്ടം ഏഴാം പിറന്നാളിന് തനിക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പോള്‍ ഓര്‍ത്തെടുത്തു.

ഏതായാലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പോള്‍. തപാല് വകുപ്പ് ഉദ്യോഗസ്ഥനാണ് പോള്‍ ബോക്‌സ്റ്റര്‍. തന്റെ ഈ വ്യത്യസ്ഥമായ ജീവിതാനുഭവം പോള്‍ ചാനലുകളുമായി പങ്ക് വെക്കുകയും ചെയ്തു. അതേസമയം ഇത്രയും നീണ്ട വര്‍ഷങ്ങള്‍ ഒരു വസ്തു ഒരാളുടെ ശ്വാസകോശത്തില്‍ കാണുന്നത് അത്യപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top