“ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നെങ്കില്‍ നടി ലിച്ചിയോട് മമ്മൂട്ടി മാപ്പ് പറയണം”: വിടി ബല്‍റാം എംഎല്‍എ

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് മമ്മൂട്ടി ക്ഷമാപണം നടത്താന്‍ തയ്യാറാകണമെന്ന് വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണമെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിന്റെ പേരില്‍ നടിക്കെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ പ്രതികരണം.

65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്”.

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫാന്‍സ് നടിക്കെതിരെ രൂക്ഷമായ ആക്രമണവുമായി രംഗത്തെത്തിയത്. സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടയ്ക്ക് മമ്മുട്ടിയും, ദുല്‍ക്കറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാകണമെന്ന കുസൃതി ചോദ്യമാണ് അവതാരക ലിച്ചിയോട് ചോദിച്ചത്. ദുല്‍ഖര്‍ നായകനും മമ്മുട്ടി അച്ഛനുമാകട്ടെയെന്നും ഇനി മമ്മുട്ടി നായകനാവുകയാണെങ്കില്‍ ദുല്‍ഖര്‍ അച്ഛനാകട്ടെയെന്നുമാണ് ലിച്ചി ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതാണ് ഫാന്‍സിനെ പ്രകോപിപ്പിച്ചത്.

ഫാന്‍സിന്റെ ആക്രമണം രൂക്ഷമായതോടെ ഇതിന് വിശദീകരണവുമായി നടി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. തുടര്‍ന്ന് പൊട്ടിക്കരഞ്ഞ് മാപ്പും പറഞ്ഞു. അത് തമാശയായിരുന്നുവെന്നും മമ്മുട്ടിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അന്ന ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്കല്‍ ലിച്ചിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. 65 വയസ്സ് കഴിഞ്ഞ ഒരു നടന്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേര്‍ന്ന് ട്രോള്‍ ചെയ്യുന്നത്. അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നാണോ ഇക്കൂട്ടര്‍ കരുതുന്നത്.  എന്നാല്‍ അദ്ദേഹം അത് മികച്ചതാക്കുമെന്നാണ് എനിക്ക് തോന്നുന്നതെന്നും കൗരവര്‍ പോലെയുള്ള സിനിമകള്‍ കണ്ടാല്‍ അത് മനസ്സിലാകുമെന്നും റിമ പറയുന്നു.

മലയാള സിനിമയിലെ സൂപ്പര്‍ ബ്രില്ല്യന്റ് ആക്ടര്‍ ആയ അദ്ദേഹത്തിന് എഴുപതുകാരനായോ, മുപ്പത്കാരനായോ അഭിനയിക്കാം. ശോഭന, രേവതി, ഉര്‍വശി എന്നിവരെല്ലാം ഇതുപോലെ അഭിനയിച്ചവരാണ്. ലിച്ചിയെ ഇത്തരത്തില്‍ ട്രോള്‍ ചെയ്യുന്നത് മൂലം ആരാണ് നമ്മുടെ പേര് കളയുന്നതെന്നും എന്തുകൊണ്ടാണ് എന്തിന് വേണ്ടിയാണ് ലിച്ചി മാപ്പ് പറഞ്ഞതെന്നും റിമ ചോദിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top