രക്തം സ്വീകരിച്ച പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ച സംഭവം: ആര്‍സിസിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: അര്‍ബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കുട്ടിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലായിരുന്നു ഹൈക്കോടതിയുടെ നടപടി.

കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസ്സുകാരിയ്ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും അതിന്റെ ഭാഗമായി പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു.

ഒരാഴ്ച മുന്‍പ് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചത്. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ ആദ്യ ദിവസങ്ങളിലെ പരിശോധനയിലും കുട്ടിയ്ക്ക് എച്ച്‌ഐവി നെഗറ്റീവ് ആയിരുന്നു. ഇതിനിടയില്‍ മറ്റെവിടെയും ചികിത്സിച്ചിട്ടില്ലെന്നും, ആര്‍സിസിയിലെ പിഴവാണ് രോഗബാധിതയാക്കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.

കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാണിച്ച് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രക്തം നല്‍കിയവരെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. തുടക്കത്തില്‍ രോഗം കണ്ടെത്തുന്നതിനുള്ള ഉപകരങ്ങള്‍ ആര്‍സിസിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആര്‍സിസി രക്തം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടിക്ക് രക്തം നല്‍കിയപ്പോഴും പരിശോധനകള്‍ നടത്തിയിരുന്നു. ആ സമയങ്ങളില്‍ എച്ച്‌ഐവി ബാധ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശം ഉണ്ട്. രക്തദാതാവിന് രോഗത്തിന്റെ തുടക്കസമയമായതിനാലാണ് രോഗം കണ്ടെത്താന്‍ കഴിയാത്തത്. അതിനാല്‍ വീഴ്ച ഉണ്ടായെന്ന് പറയുവാന്‍ കഴിയില്ലായെന്നാണ് ആര്‍സിസിയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിന്‍ഡോ പീരീഡില്‍ രോഗം കണ്ടെത്തുന്നതിന് ആധുനിക സാങ്കേതിക സംവിധാനമുള്ള ഉപകരണങ്ങള്‍ ആര്‍സിസിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ട്. കുട്ടിക്ക് രക്തം നല്‍കിയ 49 പേരുടെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആര്‍സിസിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.

സംഭവത്തില്‍ ആര്‍സിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പൂര്‍ണമായും പരിശോധനകള്‍ നടത്തിയ ശേഷമാണ് ആര്‍സിസിയില്‍ രക്തം സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ ആരോഗ്യ വകുപ്പും, പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top