ആള്‍ദൈവം ഗുര്‍മീതിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്

ആള്‍ദൈവം ഗുര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം സിനിമയാകുന്നു. അശുതോഷ് മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ഗുര്‍മീതായി ബോളിവുഡ് നടന്‍ റാസ മുറാദെത്തും. ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതായി അഭിനയിക്കുന്നത് രാഖി സാവന്താണ്. നിലവില്‍ പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളാണ് ഹണിപ്രീത്. ഇവര്‍ നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

ബലാത്സംഗ കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ഓഗസ്റ്റ് 25ആം തീയതി വിധി പ്രഖ്യാപിച്ച ശേഷം ഗുര്‍മീതിനെയും വഹിച്ചു കൊണ്ട് റോത്തക്ക് ജയിലിലേക്ക് പറന്ന ഹെലികോപ്ടറില്‍ ഹണിപ്രീതും ഉണ്ടായിരുന്നു. അതിനുശേഷം ഹണിപ്രീത് ഒളിവിലാണ്. ഗുര്‍മീതിനെ കോടതിയില്‍നിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനെയും ദേരാ സച്ച സൗദ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെയും പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ദിവസം ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ ദിവസം ദേരാ അനുയായികള്‍ നടത്തിയ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 268 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പ്രദീപ് ഗോയലിനെ രാജസ്ഥാനില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണീപ്രീത് രാജ്യം വിട്ടിരിക്കാമെന്ന സൂചന ലഭിച്ചത്. ഹണിപ്രീതിന്റെ കേന്ദ്രത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പൊലീസിന്റെ വിശ്വാസം.

ദേര സച്ച സൗദയിലെ രണ്ടാം സ്ഥാനത്തുള്ള ഹണിപ്രീത് 2009 മുതല്‍ ഗുര്‍മീതിന്റെ വിശ്വസ്തയാണ്. ഗുര്‍മീത് അഭിനയിച്ച സിനിമകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവ സാന്നിധ്യമായിരുന്നു. തത്വചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് ഹണിപ്രീത് സ്വയം പറയുന്നത്. റാം റഹിമിനെ നായകനാക്കി എംഎസ് ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന സിനിമ ഹണിപ്രീത് സംവിധാനം ചെയ്തു. ബാബയെ നായകനാക്കി ചെയ്ത എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ് എന്ന സിനിമയില്‍ ഹണിപ്രീത് 21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു.

ഹണിപ്രീത് ഇന്‍സാന്‍ എന്ന പ്രിയങ്ക തനേജയെ തന്റെ ദത്തുപുത്രിയായി ഗുര്‍മീത് റഹീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുര്‍മീതും ഹണിയും തമ്മിലുള്ളത് അച്ഛന്‍ മകള്‍ ബന്ധമല്ലെന്നും, ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു. ഗുര്‍മീതിന്റെ ഭക്തനായിരുന്ന താന്‍ ഭാര്യക്കൊപ്പം നടത്തിയ ആശ്രമ സന്ദര്‍ശനത്തിനിടെ ഗുര്‍മീത് ഭാര്യയെ വശീകരിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഗുപ്ത പറഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top