റോഹിങ്ക്യന്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് ആങ് സാന്‍ സൂകി

ഓംഗ് സാന്‍ സൂകി

നയ്ഫിദാവ്: ലക്ഷക്കണക്കിന് വരുന്ന റോഹിങ്ക്യന്‍ വംശജര്‍ക്ക് നേര്‍ക്ക് മ്യാന്മറില്‍ നടക്കുന്ന വംശീജയ ആക്രമണ വിഷയത്തില്‍ മ്യാന്മറിന്റെ സ്‌റ്റേറ്റ് കൗണ്‍സിലറും നൊബേല്‍ സമ്മാനജേതാവുമായ ആങ് സാന്‍ സൂകി  നിലപാട് വ്യക്തമാക്കി. മ്യാന്മറില്‍ ആര്‍ക്കുനേര്‍ക്കും വംശീയ ആക്രമണത്തിന് അനുവദിക്കില്ലെന്നും റോഹിങ്ക്യകള്‍ക്കുനേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സൂകി അറിയിച്ചു.

റോഹിങ്ക്യന്‍ വിഷയവും പ്രശ്ത്തില്‍ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് സൂകി പുലര്‍ത്തുന്ന മൗനവും അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയിരുന്നെങ്കിലും സൂകി മൗനം അവലംബിക്കുന്നത് തുടരുകയായിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ സംപ്രേക്ഷണത്തിലാണ് സൂകി വിഷയത്തില്‍ ഇപ്പോള്‍ നിലപാട് അറിയിച്ചത്. പ്രശ്‌നത്തില്‍ അന്താരാഷ്ട്രതലത്തില്‍ മ്യാന്മര്‍ സര്‍ക്കാരിനും തനിക്കും നേര്‍ക്കും ഉയരുന്ന പ്രതിഷേധത്തെ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ സൂകി, സങ്കീര്‍ണമായ റോഹിങ്ക്യന്‍ വിഷയം പരിഹരിക്കുന്നതിനായി ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറിയിച്ചു.

റോഹിങ്ക്യന്‍ വംശജര്‍ അധിവസിക്കുന്ന റാഖിന്‍ സംസ്ഥാനത്തെ വിഷയം ഏറെ സങ്കീര്‍ണമാണെന്ന് സൂകി പറഞ്ഞു. ആരെയും ആട്ടിയോടിക്കാനോ അഭയാര്‍ത്ഥികളാക്കാനോ അനുവദിക്കില്ല. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്താനായി മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ ക്ഷണിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി പ്രത്യേക സമിതിക്ക് മ്യാന്മാര്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സൂകി വ്യക്തമാക്കി. മതവിശ്വാസത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും സൂകി പറഞ്ഞു.

മ്യാന്മറിന്റെ ഭൂരിപക്ഷമായ ബുദ്ധമതക്കാരും സര്‍ക്കാരും റോഹിങ്ക്യകളെ തങ്ങളുടെ പൗരന്മാരായി അംഗീകരിക്കുന്നില്ല. റോഹിങ്ക്യകളില്‍ ഭൂരിപക്ഷവും മുസ്‌ലീങ്ങളാണ്. ചെറിയ ഒരു വിഭാഗം ഹിന്ദുമതവിശ്വാസികളും. റോഹിങ്ക്യന്‍ വംശജര്‍ അധിവസിക്കുന്ന റാഖിന്‍ സംസ്ഥാനത്ത് നിന്ന് ഇവരെ ആട്ടിയോടിക്കാന്‍ പതിറ്റാണ്ടുകളായി ശ്രമം നടക്കുകയാണ്. തങ്ങളുടെ പൗരന്‍മാരല്ലാത്ത റോഹിങ്ക്യകള്‍ ഇവിടെ തങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് മ്യാന്‍മാറിലെ ജനങ്ങളും സര്‍ക്കാരും കണക്കാക്കുന്നത്. മുന്‍പ് പട്ടാള ഭരണകൂടം ഭരണം നടത്തിയിരുന്നപ്പോഴും പിന്നീട് പൊതുതെരഞ്ഞെടുപ്പ് നടന്ന് രാജ്യം ആങ് സാന്‍ സൂകിയുടെ നേതൃത്വത്തില്‍ ജനാതിപത്യമാര്‍ഗത്തിലേക്ക് കടന്നപ്പോഴും റോഹിങ്ക്യകളുടെ ദുരിതത്തിന് അവസാനമുണ്ടായില്ല.

കഴിഞ്ഞ മാസം 25നുശേഷം നാലു ലക്ഷത്തോളം രോഹിങ്ക്യ മുസ്‌ലിങ്ങളാണ് മ്യാന്‍മര്‍ വിട്ടതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായതോടെ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് ജീവന്‍പണയപ്പെടുത്തി രക്ഷപെടുകയാണ് ഇപ്പോള്‍ റോഹിങ്ക്യകള്‍. ബംഗ്ലാദേശില്‍ ഇവര്‍ക്കായി നിരവധി ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. അരലക്ഷത്തോളം റോഹിങ്ക്യകള്‍ ഇന്ത്യയിലും എത്തിയിട്ടുണ്ട്. ഇവരില്‍ യുഎന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ തങ്ങുന്നവരെ മ്യാന്മറിലേക്ക് നാടുകടത്തുമെന്നാണ് ഇന്ത്യന്‍ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top