നവാസ് ഷെരീഫിന് തിരിച്ചടി; പനാമ കേസില്‍ ഷരീഫിന്റെ പുനഃപരിശോധനാ ഹര്‍ജി പാക് സുപ്രിംകോടതി തള്ളി

നവാസ് ഷെരീഫ് ( ഫയല്‍ ചിത്രം )

ഇസ്ലാമാബാദ് : പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തിരിച്ചടി. പനാമ പേപ്പര്‍ കേസില്‍ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ഷെരീഫും മക്കളും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പാക് സുപ്രിംകോടതി തള്ളി.


ജസ്റ്റിസ് ആസിഫ് സയീദ് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഷെരീഫിന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. നവാസ് ഷെരീഫ്, മക്കളായ ഹുസൈന്‍, ഹസ്സന്‍, മറിയം നവാസ്, മരുമകന്‍ ക്യാപ്ടന്‍ മുഹമ്മദ് സഫ്ദര്‍, ധനകാര്യമന്ത്രി ഇഷാഖ് ധര്‍ എന്നിവരാണ് സുപ്രിംകോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

പാകിസ്താന്‍ സുപ്രിം കോടതി

പനാമ പേപ്പര്‍ അഴിമതി കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാക് സുപ്രിംകോടതി, പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ട്  ജൂലൈ 28 നാണ്  വിധി പുറപ്പെടുവിച്ചത്.

ആഗസ്റ്റ് 2013 ല്‍ മകന്റെ ഉടമസ്ഥതയിലുള്ള യുഎഇ കമ്പനിയില്‍ നിന്നും നവാസ് ഷെരീഫ് ശമ്പളം കൈപ്പറ്റിയിരുന്നെന്ന് അന്വേഷണ സംഘം കോടതിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ യാതൊരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു നവാസ് ഷെരീഫിന്റെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top