അര്‍ബുദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം : ആര്‍സിസിയില്‍ പൊലീസ് പരിശോധന

ഫയല്‍ ചിത്രം

തിരുവനന്തപുരം : ചികിത്സയില്‍ കഴിയവേ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പൊലീസ് പരിശോധന നടത്തുന്നു. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആരില്‍ നിന്നെല്ലാമാണ് രക്തം ശേഖരിച്ചത്, എന്തെല്ലാം പരിശോധനകള്‍ നടത്തി തുടങ്ങി സമീപകാലത്തെ പരിശോധനാ റിപ്പോര്‍ട്ടുകളടക്കം പൊലീസ് പരിശോധിക്കുകയാണ്.

വിഷയത്തില്‍ സര്‍ക്കാര്‍ വിദഗ്ധ തല അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പൊലീസ് അന്വേഷണവും നടത്തുന്നത്. ആറുമാസത്തെ ചികില്‍സയ്ക്കിടയില്‍ ആദ്യം എച്ച്‌ഐവി ഇല്ലാതിരുന്ന കുട്ടി, പിന്നീട് നാലു തവണ ആര്‍സിസിയില്‍ കീമോ അടക്കമുള്ള ചികില്‍സ ചെയ്തതിന് ശേഷമാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇന്ന് കുട്ടിയെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍
പഴുതടച്ച സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കണം. രക്താര്‍ബുദവുമായി എത്തി എച്ച്‌ഐവിയുമായി മടങ്ങേണ്ട അവസ്ഥയില്‍ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് കൂടാതെ കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ധപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top