അര്‍ബുദത്തിന് രക്തം സ്വീകരിച്ച ഒന്‍പത് വയസ്സുകാരിയ്ക്ക് എച്ച്‌ഐവി: ആര്‍സിസിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ബാധ. കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസ്സുകാരിയ്ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്.

രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നും, വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും ആര്‍സിസി അറിയിച്ചു.
ഒന്‍പത് വയസ്സുകാരിയ്ക്ക് കാന്‍സര്‍ ആണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് മാര്‍ച്ച് ഒന്നിന് ഇവര്‍ ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയത്.

ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും അതിന്റെ ഭാഗമായി പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പ് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചത്. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ ആദ്യ ദിവസങ്ങളിലെ പരിശോധനയിലും കുട്ടിയ്ക്ക് എച്ച്‌ഐവി നെഗറ്റീവ് ആയിരുന്നു.ഇതിനിടയില്‍ മറ്റെവിടെയും ചികിത്സിച്ചിട്ടില്ല. അതിനാല്‍ ആര്‍സിസിയിലെ പിഴവാണ് രോഗബാധിതയാക്കിയതെന്ന്മാതാപിതാക്കള്‍ ഉറപ്പിക്കുന്നു.

സംഭവത്തില്‍  കുട്ടിയുടെ അച്ഛന്റെ പരാതിയില്‍  മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം പരാതിയെന്നും പരാതി പരിശോധിച്ചുവരികയാണെന്നും ആര്‍സിസി വൃത്തങ്ങള്‍ അറിയിച്ചു.സംഭവം സംബന്ധിച്ച് പ്രതിപക്ഷ നേതാവിനും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top