ഫിഫ റാങ്കിംഗില്‍ ജര്‍മനി ഒന്നാം സ്ഥാനത്തെത്തി; ഇന്ത്യയ്ക്ക് വന്‍തിരിച്ചടി

ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വന്‍തിരിച്ചടി. ജൂലൈയില്‍ 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിംഗ് സ്വന്തമാക്കിയ ഇന്ത്യ ഇത്തവണ 10 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 107 ആം സ്ഥാനത്തെത്തി. നിലവില്‍ 97 ആം സ്ഥാനത്തായിരുന്നു ഇന്ത്യ.

കഴിഞ്ഞ നാലുമാസത്തിനിടെ ആദ്യമായാണ് ഇന്ത്യ 100 റാങ്കിന് പുറത്തുപോകുന്നത്. 1996 ല്‍ നേടിയ 94 ആം സ്ഥാനമാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. ഏഷ്യയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്.

മെയ് നാലിന് 331 പോയിന്റുമായി 100 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ജൂലൈയില്‍ 96 ആം സ്ഥാനത്തെത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ റാങ്കിംഗില്‍ 97 ലേക്ക് വീണു.

അതേസമയം ജര്‍മനി ബ്രസീലില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ചെക്ക് റിപ്പബ്ലിക്, കൊളംബിയ ടീമുകള്‍ക്കെതിരെ നേടിയ വിജയമാണ് ജര്‍മനിക്ക് സഹായകമായത്. കൊളംബിയയോട് സമനില വഴങ്ങിയതാണ് ബ്രസീലിന് തിരിച്ചടിയായത്.

യൂറോകപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അര്‍ജന്റീനയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. ബല്‍ജിയമാണ് അഞ്ചാം സ്ഥാനത്ത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top