കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ സത്യസന്ധമായ അന്വേഷണത്തിലും പരിപൂര്‍ണ്ണ സംതൃപ്തര്‍: നടിയുടെ സഹോദരന്‍

ഫയല്‍ ചിത്രം

കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും തങ്ങള്‍ പരിപൂര്‍ണ്ണ സംതൃപതരാണെന്ന് നടിയുടെ സഹോദരന്‍. കേസില്‍ നിന്നും പിന്‍മാറുമോയെന്ന നിരവധി പേരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു സഹോദരന്‍. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു.

അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും, അതുകൊണ്ട് തന്നെ കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐയിലേക്ക് മാറ്റുന്നതിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും നടിയുടെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ തനിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സംവിധായകന്‍ നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് നാളെ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

നടിയുടെ സഹോദരന്‍ ഫെയസ്ബുക്കില്‍ കുറിച്ചത്

സുഹൃത്തുക്കളേ …

ഇന്നത്തെ സാഹചര്യത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് . അതിൽ ആദ്യത്തേത് ഈ കേസിൽ നിന്നും പിന്മാറുമോ എന്നുള്ളതാണ് . ഇതുനുത്തരം ഞാൻ മുൻപേ പറഞ്ഞത് തന്നെയാണ് . പിന്മാറാനായിരുന്നെങ്കിൽ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല . മറ്റൊന്ന് കേസിന്റെ ഗതിവിഗതികളിൽ ഇപ്പോൾ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ് . കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങൾ പരിപൂർണ്ണ സംതൃപതരാണ് . അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ കേരള പോലീസിൽ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല , അതിന് തയ്യാറുമല്ല . ഞാൻ നേരിൽ അറിയുന്നതും അറിയാത്തതുമായ നിങ്ങൾ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിൻബലം . നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top