സിപിഐഎമ്മില്‍ ഇനി സംഘടനാ തെരഞ്ഞെടുപ്പ് കാലം; ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഐഎം 22 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. നാളെ മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. 31,700 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക.

4,63,000ത്തിലേറെ അംഗങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളുടെ ഉദ്ഘാടനത്തില്‍ പാര്‍ട്ടി അനുഭാവി കുടുംബങ്ങളെയും പങ്കെടുപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 15 മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കും. നവംബര്‍ 15 വരെയായി 2093 ലോക്കല്‍ സമ്മേളനങ്ങളാകും നടക്കുക. ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി വളണ്ടിയര്‍ പരേഡ്, ബഹുജന പ്രകടനം, പൊതുസമ്മേളനം എന്നിവയുണ്ടാവും.

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ ഏരിയാ സമ്മേളനങ്ങളും നടക്കും. 206 ഏരിയാ സമ്മേളനങ്ങളാണ് നടക്കുക. ഏരിയ സമ്മേളനങ്ങളില്‍ 100 മുതല്‍ 150 വരെ പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, പ്രദര്‍ശനം, വളണ്ടിയര്‍ പരേഡ്, ബഹുജന പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.

ഏരിയാകമ്മിറ്റികളുടെ അംഗസംഖ്യ നിലവില്‍ 19 വരെയാണ്. ഇത് ജില്ലാകമ്മിറ്റികളുടെ അനുമതിയോടെ 21 വരെയാക്കാം. മൂന്നുടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാരെ മാറ്റാനും നേതൃത്വം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26ന് തുടങ്ങി ജനുവരി 21 ന് അവസാനിക്കും. തൃശൂര്‍, വയനാട് ജില്ലാ സമ്മേളനങ്ങള്‍ : ഡിസംബര്‍ 26, 27, 28 തീയതികളിലും, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ : ഡിസംബര്‍ 29, 30, 31 തീയതികളിലും, കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ : ജനുവരി, 2,3,4 തീയതികളിലും നടക്കും.

കൊല്ലം,മലപ്പുറം ജില്ലാ സമ്മേളനങ്ങള്‍ : ജനുവരി 5,6,7 തീയതികളിലും, ഇടുക്കി, പാലക്കാട് ജില്ലാ സമ്മേളനങ്ങള്‍ : ജനുവരി 8,9,10 തീയതികളിലും, തിരുവനന്തപുരം, ആലപ്പുഴ ജില്ലാ സമ്മേളനങ്ങള്‍ : ജനുവരി 13,14,15 തീയതികളിലും, എറണാകുളം ജില്ലാ സമ്മേളനം: ജനുവരി 16,17,18 തീയതികളിലും സംഘടിപ്പിക്കും.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനങ്ങള്‍ക്ക് കൊടിയിറങ്ങുക. ജനുവരി 19,20,21 തീയതികളിലാണ് കണ്ണൂര്‍ ജില്ലാ സമ്മേളനം. തുടര്‍ന്ന് ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം.

പാര്‍ട്ടി കമ്മറ്റികളില്‍ യുവജനങ്ങള്‍, സ്ത്രീകള്‍, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് മതിയായ പ്രതിനിധ്യം ഉറപ്പാക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ച മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. ഭാരവാഹിത്വത്തില്‍ മൂന്നുടേം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top