കൃത്യനിര്‍വഹണത്തിന് കേരളത്തിലെത്തിയ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ ബെഡ്ഷീറ്റ് എടുത്തതിന്റെ പേരില്‍ മര്‍ദ്ദിച്ച എഎസ്‌ഐക്ക് സ്ഥലം മാറ്റം

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍

കണ്ണൂര്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ എത്തിയ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ എഎസ്‌ഐയെ സ്ഥലം മാറ്റി.

ജോലിയുടെ ഭാഗമായി മധുരയില്‍ നിന്നെത്തിയ പൊലീസ് കോണ്‍സ്റ്റബിളായ സദാശിവത്തിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദ്ദിച്ച എഎസ്‌ഐ വിജയ് മണിയെയാണ് സ്ഥലം മാറ്റിയത്. സദാശിവത്തോട് കണ്ണൂര്‍ എസ്പി മാപ്പ് ചോദിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണം നടക്കുകയാണ്.

മധുര സിറ്റി പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ എം സദാശിവം ഔദ്യോഗിക ആവശ്യത്തിനാണ് തളിപ്പറമ്പിലെത്തിയത്. തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഇതിനായുളള അനുമതി നേടിയശേഷം സ്റ്റേഷന്റെ മുകള്‍ നിലയില്‍ പൊലീസുകാര്‍ വിശ്രമിക്കുന്നിടത്ത് ഉറങ്ങുകയായിരുന്നു സദാശിവം. ഉറങ്ങുന്നതിനിടെ എഎസ്‌ഐ വിജയ് മണിയെത്തി സദാശിവത്തെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ ബെഡ്ഷീറ്റ് സദാശിവം ഉപയോഗിച്ചതിനായിരുന്നു എഎസ്‌ഐയുടെ മര്‍ദ്ദനം. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍ എസ്പി ജി ശിവവിക്രത്തിന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് എസ്പി, സദാശിവത്തോട് മാപ്പ് പറഞ്ഞു. തനിക്ക് പരാതിയില്ലെന്ന് സദാശിവം എസ്പിയെ അറിയിച്ചെങ്കിലും ഐജി മഹിപാല്‍ യാദവ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. അടിയന്തരനടപടിയുടെ ഭാഗമായി എഎസ്‌ഐയെ ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം എഎസ്‌ഐ വിജയ് മണിക്കെതിരേ കൂടുതല്‍ വകുപ്പ് തലനടപടികളുണ്ടായേക്കുമെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top