ഗണേഷ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ട്; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ട്. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ഗണേഷ് ദിലീപിനെ കണ്ടത്. കൂടിക്കാഴ്ച നടന്നത് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ്. അരമണിക്കൂര്‍ കൂടിക്കാഴ്ചയില്‍ കേസിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിന് പുറത്ത് ഗണേഷ് എന്താണ് സംസാരിച്ചത് എന്ന് അറിയില്ല. പ്രതികള്‍ ആരും ദിലീപിനെ കണ്ടിട്ടില്ലെന്നും സൂപ്രണ്ട് കോടതിയെ അറിയിച്ചു.

സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ചുവരെ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചവരുടെ പേരുകളടങ്ങിയ ലിസ്റ്റും സൂപ്രണ്ട് കോടതിയ്ക്ക് കൈമാറി.

ഇടതുപക്ഷ എംഎല്‍എയായ ഗണേഷ് കുമാര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗണേഷ് അടക്കമുള്ള സിനിമാക്കാരുടെ ജയിലിലേക്കുള്ള പ്രവാഹമെന്നും ആക്ഷേപം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ജയിലില്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദിലീപിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ജയില്‍ സന്ദര്‍ശന അനുമതി പരിമിതപ്പെടുത്തുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top