പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; ഋതബ്രത ബാനര്‍ജിയെ സിപിഐഎം പുറത്താക്കി

ഋതുബ്രത ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മിന്റെ രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ്ബാഋതബ്രത നര്‍ജിക്കെതിരേ നടപടിയെടുത്തതെതെന്ന് പാര്‍ട്ടി വിശദീകരിച്ചു. സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു ഋതബ്രത ബാനര്‍ജി.  സിപിഐഎം ബംഗാള്‍ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഋതബ്രതയ്‌ക്കെതിരെയുള്ള നടപടിയുടെ കാര്യം സ്ഥിരീകരിച്ചു.

രണ്ട് ദിവസം മുന്‍പ് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഋതബ്രത ബാനര്‍ജി, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. നേരത്തെ മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഋതബ്രത ബാനര്‍ജിക്കെതിരേ  പെട്ടെന്ന് കടുത്തനടപടിക്ക് പാര്‍ട്ടി തുനിഞ്ഞത് ഈ അഭിമുഖത്തെ തുടര്‍ന്നാണ്.

സിപിഐഎം കേന്ദ്ര നേതൃത്വം ബംഗാള്‍ ഘടകത്തിനെതിരാണെന്നും സീതാറാം യെച്ചൂരി പാര്‍ട്ടിയിലെ കുറച്ചുപേരുടെ മാത്രം നേതാവാണെന്നുമായിരുന്നു  അഭിമുഖത്തില്‍ ഋതബ്രത ബാനര്‍ജി പറഞ്ഞത്. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും നയിക്കുന്ന വിഭാഗത്തിനാണ് പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിപക്ഷമെന്നും ഋതബ്രത പറഞ്ഞിരുന്നു. പാര്‍ട്ടി നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിമിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.  പാര്‍ട്ടിയിലെ അന്വേഷണ കമ്മീഷന് നേതൃത്വം നല്‍കുന്ന മുഹമ്മദ് സലിം, കങ്കാരുകമ്മീഷനെയാണ് നയിക്കുന്നതെന്നും മുസ്‌ലീം ക്വാട്ടയിലാണ് അദ്ദേഹം പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെത്തിയതെന്നും ഋതബ്രത ബാനര്‍ജി ആരോപിച്ചിരുന്നു.

ഈ വര്‍ഷം ജൂണ്‍ രണ്ടിന് പാര്‍ട്ടിയില്‍ നിന്ന് ഋതബ്രത ബാനര്‍ജിയെ മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. അദ്ദേഹം നയിച്ചിരുന്ന ആഡംബരജീവിതത്തിന്റെ പേരില്‍ നിരവധി പരാതികള്‍ പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ച് ടെലിവിഷന്‍ അഭിമുഖം നടത്തിയത്.

ഋതബ്രത ബാനര്‍ജി വില കൂടിയ ആപ്പിള്‍ വാച്ചും മൗണ്ട് ബ്ലാങ്ക് പേനയും ഉപയോഗിച്ചതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇത്രയും വിലയുള്ള വസ്തുക്കള്‍ ഉപയോഗിക്കാനുള്ള വരുമാനത്തെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നിയമിച്ചിരുന്നു.

പാര്‍ട്ടി ഋതബ്രത ബാനര്‍ജിക്ക് ഒരു മാസം 6000 രൂപ മാത്രമാണ് നല്‍കുന്നത്, എങ്കില്‍ 23,400 രൂപ മുതല്‍ 70350 രൂപവരെ വിലയുള്ള വാച്ചും 30,000തോളം വിലയുള്ള പേനയും വാങ്ങാന്‍ എങ്ങനെയാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മറ്റു വരുമാനം അന്വേഷിക്കണമെന്നാണ് പ്രവര്‍ത്തകന്‍ ആവശ്യമുന്നയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഋതബ്രതയെ സസ്‌പെന്റ് ചെയ്തത്. കൂടാതെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പാര്‍ട്ടി അദ്ദേഹത്താതെ താക്കീത് ചെയ്തിരുന്നു. യാത്രായിനത്തില്‍ ഒരു വര്‍ഷം 69.25 ലക്ഷം രൂപ ചെലവഴിച്ചതിന്റെ പേരിലും അദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്നിരുന്നു.

സിപിഐഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ ഋതബ്രത ബാനര്‍ജിയെ 2014 -ലാണ് പാര്‍ട്ടി രാജ്യസഭാംഗമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top