ചലചിത്ര അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത് വിനയായി; കാരായി രാജന്റെ ജാമ്യവ്യവസ്ഥയിലെ ഇളവ് കോടതി റദ്ദാക്കി

കാരായി രാജന്‍

കൊച്ചി: തലശേരി ഫസല്‍ വധക്കേസിലെ പ്രതിയായ സിപിഐഎം നേതാവ് കാരായി രാജന് അനുവദിച്ചിരുന്ന ജാമ്യവ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി. സിപിഐഎം പ്രസിദ്ധീകരണമായ ‘ചിന്ത’യിലെ പ്രൂഫ് റീഡര്‍ ജോലി ചെയ്യാനായി തിരുവനന്തപുരത്ത് പോകാനുള്ള അനുവാദമാണ് കോടതി റദ്ദു ചെയ്തത്.

കഴിഞ്ഞയാഴ്ച തലശേരിയില്‍ നടന്ന സംസ്ഥാന ചലചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരിലാണ് കോടതി ജാമ്യവ്യവസ്ഥയില്‍ നല്‍കിയിരുന്ന ഇളവ് റദ്ദ് ചെയ്തത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായ കാരായി രാജന് ജില്ലാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. ഈ ഇളവ് നേടി കണ്ണൂരിലെത്തി ചലചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതാണ് കാരായിക്ക് കോടതി നടപടി നേരിടേണ്ടിവന്നത്. ചലചിത്രപുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനെ കോടതി വിമര്‍ശിച്ചു.

ചലചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കാരായി രാജന്റെ ജാമ്യം റദ്ദുചെയ്യണമെന്ന ആവശ്യവുമായി സിബിഐ, ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ രാജനെത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇതിനാല്‍ ജാമ്യം റദ്ദുചെയ്യണമെന്നുമാണ് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യം പൂര്‍ണമായി റദ്ദു ചെയ്യാന്‍ ഹൈക്കോടതി തയാറായില്ല.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എറണാകുളം ജില്ല വിട്ടു പോകാന്‍ കാരായി രാജന് സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണമായ ‘ചിന്ത’യില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു അനുമതി. രാജന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി അനുമതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുമതി തേടി ജില്ലാ പഞ്ചായത്ത് യോഗത്തിനല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിരുന്നു.

2006 ല്‍ തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പിന്നീട് നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച കാരായി രാജനെ സിപിഐഎം നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും നിയമിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ രാജന്‍ സമീപിച്ചെങ്കിലും കോടതി അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. ജില്ലാപഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാനായി മാത്രം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാണ് കാരായി രാജന് അനുമതിയുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചലചിത്ര അവാര്‍ഡ് ദാനപരിപാടിയിലാണ് കാരായി രാജന്‍ പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിന് മുന്‍ നിരയില്‍ ഇരിക്കുകയും ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന പ്രത്യേക ടാഗ് ധരിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കാരായി രാജന്‍ രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top