വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ നടപടിയെടുക്കും. നിലവിലെ കരാര്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്നാണ് സിപിഐഎം നിലപാടെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനിയുമായി ഉണ്ടാക്കിയുള്ള കരാര്‍ റദ്ദാക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി. വിഴിഞ്ഞം കരാറിനെപ്പറ്റി ഇന്നലെ ഹൈക്കോടതിയും വിമര്‍ശനമുന്നയിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി പോര്‍ട്ടുമായുണ്ടാക്കിയ കരാര്‍ കേരളത്തെ തൂക്കിവില്‍ക്കുന്നതിനു സമാനമാണെന്ന് ഹൈക്കോടതി ഇന്നലെ വാക്കാല്‍ അഭിപ്രായപ്പെട്ടത്. കരാര്‍ സംസ്ഥാനത്തിനു വന്‍ ബാധ്യതയാണെന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങും ജസ്റ്റിസ് രാജാ വിജയരാഘവനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കരാര്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സിഎജി റിപ്പോര്‍ട്ട് പഠിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്തുനടപടി സ്വീകരിക്കാനാവുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കരാര്‍ കാലാവധിയായ 40 വര്‍ഷം കഴിയുമ്പോള്‍ തുറമുഖം അദാനിയുടെ സ്വകാര്യ സംരംഭമായി മാറുന്ന സ്ഥിതി ഉണ്ടാകുമോ എന്നും കോടതി ചോദിച്ചു.

കരാറിനു പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നും മുന്‍ സംസ്ഥാന തുറമുഖമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള കരാറിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി കെ എം സലിം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസ് 25 ന് കോടതി വീണ്ടും പരിഗണിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top