സ്‌കൂളിലേക്ക് പോകുന്ന വഴി കാണാതായ പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

ഇറ്റാവ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരത്തോടെ സഹ്‌സോണ്‍ പ്രദേശത്തെ നദിയില്‍ ഒഴുകി നടക്കുന്ന രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം മൂന്നാമത്തെ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൂവരും പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് ഇവരെ കാണാതായത്.

പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രഥമിക അന്വേഷണത്തില്‍ ഒരു പെണ്‍കുട്ടിയുടെ തലയില്‍ ശക്തമായി അടിയേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  മൃതദേഹം കണ്ടെത്തിയ 130 കിലോമീറ്റര്‍ അകലെ പെണ്‍കുട്ടികള്‍ എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസുകാര്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടികളുടെ സുഹൃത്തായ യുവാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുമായി യുവാവിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top