ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്‌ക്കെതിരേ ശിവസേന

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഷിൻസോ ആബെയും നരേന്ദ്ര മോദിയും

അഹമ്മദാബാദ്: അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ച് ശിവസേന. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ അനാവശ്യമാണ്. മുംബൈയിലെ ലോക്കൽ ട്രെയിനുകൾ പ്രതിസന്ധിയിലാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ നിലനല്‍ക്കുമ്പോഴാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി കേന്ദ്രം വരുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.

വിദർഭ, മറാത്ത്‌വാഡ, കൊങ്കണ്‍ റെയിൽ പദ്ധതികളാണ് മഹാരാഷ്ട്രയുടെ ആവശ്യം. എന്നാല്‍ ഇത് കേന്ദ്രം അവഗണിക്കുകയാണ്. സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ബുള്ളറ്റ് ട്രെയിന്‍  പദ്ധതിക്ക്‌ കഴിയില്ലെന്നും ശിവസേന ആരോപിച്ചു.

ഇന്ന് രാവിലെ അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. അഹമ്മദാബാദ് സബര്‍മതി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തായിരുന്നു ഉദ്ഘാടനവേദി.

മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതാണ്. 508 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പദ്ധതി 2023ൽ പൂർത്തികരിക്കാനാണ് ഉദേശിക്കുന്നത്. ആകെ ചെലവില്‍  88,000 കോടി രൂപ ജപ്പാന്‍ സഹായമാണ്. 0.1 ശതമാനം പലിശ നിരക്കില്‍ 50 വര്‍ഷത്തേക്കാണ് ജപ്പാന്‍ വായ്പ അനുവദിച്ചിട്ടുള്ളത്.

ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഏഴ് മണിക്കൂർ യാത്രയ്ക്ക് രണ്ട് മണിക്കൂർ മതിയാകും. മണിക്കൂറിൽ 320-350 കിലോമീറ്ററാണ് ട്രെയിന്‍റെ വേഗം.

2023 ല്‍ ബുള്ളറ്റ്   ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നതെങ്കിലും പ്രഖ്യാപിത സമയപരിധിയ്ക്ക് മുമ്പ്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 75 വര്‍ഷം തികയുന്ന 2022 ആഗസ്റ്റ് 15 ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top