ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; അര്‍ഹതയുളള മുഴുവന്‍ പേര്‍ക്കും പട്ടയം ഉറപ്പാക്കാന്‍ തീവ്രപദ്ധതി ആവിഷ്‌കരിക്കണമെന്നും പിണറായി വിജയന്‍

കളക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം : ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണം സമയബന്ധിതമായി നടപ്പാക്കാനാകണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷയിലുളള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി 100 മണിക്കൂറിനകം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാനാകണം. വീഡിയോ കോണ്‍ഫറന്‍സ് വഴി കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ജീവിതനിലവാരത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണെങ്കിലും അതിന്റെ ഗുണഫലം പൂര്‍ണ്ണതോതില്‍ അനുഭവിക്കാന്‍ നമുക്കാകുന്നില്ല. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ പ്രത്യേകം പരിഗണിക്കാനാകണം. അടുത്ത വര്‍ഷം അവസാനിക്കുമ്പോഴേക്കും അര്‍ഹതയുളള മുഴുവന്‍ പേര്‍ക്കും പട്ടയം ഉറപ്പാക്കാനുളള തീവ്രപദ്ധതി ഓരോ ജില്ലയിലും ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ പല പദ്ധതികളെയും ദോഷകരമായി ബാധിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാഷണല്‍ ഹൈവേ, ദേശീയ ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍, റെയില്‍വെ, തിരുവനന്തപുരം കോഴിക്കോട് വിമാനത്താവളം, കിഫ്ബി പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി സംയോജനത്തിലും ഏകോപനത്തിലും കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടണം. വര്‍ഷം മുഴുവന്‍ പച്ചക്കറി സ്വയംപര്യാപ്തത ഉറപ്പുവരുത്താനാകണം. ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ ഉണ്ടാകണം. പട്ടണപ്രദേശങ്ങളില്‍ കേന്ദ്രീകൃതമാലിന്യ സംസ്‌കരണത്തിനുളള സ്ഥലം കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തണം. ഇതിനുപുറമെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം വിപുലമായി നടപ്പാക്കാനും സാധിക്കേണ്ടതുണ്ട്. എല്ലാ പൊതുവിദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top