അപ്രതീക്ഷിത നീക്കവുമായി ദിലീപ്‌; അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തൃശൂര്‍:  നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അല്‍പസമയം മുന്‍പാണ് വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ തനിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ജയിലില്‍ താന്‍ 60 ദിവസം പിന്നിട്ടുവെന്നും അതിനാല്‍ ഇനി ജാമ്യത്തിന് അര്‍ഹനാണെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. തനിക്ക് സോപാധിക ജാമ്യം അനുവദിക്കണം. നടിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരായ കുറ്റം. പുതുതായി ഒന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ഹര്‍ജിയില്‍ പറയുന്നു. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ജൂലൈ 10 ന് കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചത് ഇവിടെയായിരുന്നു. എന്നാല്‍ ജൂലൈ 17 ന് ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് രണ്ട് തവണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവയും തള്ളുകയായിരുന്നു.

ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ മൂന്നാം ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം പൊടുന്നനെ തീരുമാനത്തില്‍ നിന്നും മാറുകയായിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുള്ളൂ എന്നതരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ദിലീപ് ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ മാസം 18 നാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുക. ചോദ്യം ചെയ്യലിന് നാളെ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന് മുന്‍പാകെ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top