‘പുറത്തിറക്കില്ല നിന്നെ’; ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യുവാവിന് ഭീഷണി

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയില്‍ പിഞ്ചു കുഞ്ഞിനെ കെട്ടിയിട്ട സംഭവം പുറംലോകത്തെ അറിയിച്ച യുവാവിന് ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ശ്രീകാന്ത് പ്രഭാകരന് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഭീഷണി മുഴക്കി ഫോണ്‍ കോളുകള്‍ വന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.

ഇന്നലെ രാത്രി എട്ടിന് ശേഷമാണ് +3146041 എന്ന നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വന്നതെന്ന് ശ്രീകാന്ത് പറയുന്നു. അതിന് ശേഷം നിരവധി കോളുകള്‍ വന്നു. പലരും പച്ചക്ക് തെറി വിളിച്ചു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമില്ലാത്ത വിഷയം നിനക്കെന്തിനാണെന്നും പുറത്തിറങ്ങിയാല്‍ കാണിച്ചു തരാമെന്നും അവരില്‍ ചിലര്‍ പറഞ്ഞതായും ശ്രീകാന്ത് പറഞ്ഞു. കേസു കൊടുത്തിട്ടൊന്നും വലിയ കാര്യമില്ലെന്നറിയാം. നാട്ടിലുള്ളവര്‍ തന്നെയാകാം ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ഭീഷണി കാര്യം ചൂണ്ടിക്കാട്ടി ശ്രീകാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിലാണ് മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ ടാബ്ലോ ടെന്റില്‍ കെട്ടിയിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ശ്രീകാന്ത് കുട്ടിയുടെ ചിത്രം പകര്‍ത്തുകയും സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയുമായിരുന്നു. വെയില്‍ കത്തിനിന്ന സമയത്തായിരുന്നു നിരവധി കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്രയെന്ന് ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലൊരു ക്രൂരത സംബന്ധിച്ച് അറിയിക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ മോശമായ അനുഭവമായിരുന്നു. കുട്ടിക്കോ, രക്ഷിതാക്കള്‍ക്കോ പരാതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇത്തരത്തില്‍ രണ്ടു മൂന്നു ഫോണുകള്‍ കൈമാറി ഒടുവിലെടുത്തയാള്‍ പറഞ്ഞത് അത് തങ്ങളുടെ കടമയല്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു. ഫോണ്‍ കട്ടു ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ മറ്റൊരാള്‍ വിളിച്ച് പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പറഞ്ഞു. പയ്യന്നൂര്‍ എസ്‌ഐ അടക്കമുള്ളവര്‍ അടുത്തുള്ളപ്പോഴാണ് ഈ സംഭവമെന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. സ്വമേധയാ കേസെടുത്തേക്കുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top