മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ദര്‍ശനം സിപിഐഎം ചര്‍ച്ച ചെയ്യും

എകെജി സെന്റര്‍, കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍

തിരുവനന്തപുരം: ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ സംഭവം സിപിഐഎം ചര്‍ച്ച ചെയ്യും. നാളെ തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.

അഷ്ടമി രോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി ദര്‍ശനം നടത്തിയതും വഴിപാട് നടത്തുകയും ചെയ്തതാണ് വിവാദമായത്. ക്ഷേത്രത്തിലെത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും കാണിക്കയിട്ട് സോപാനം തൊഴുകയും അന്നദാനത്തിനായി പണം നല്‍കുകയും ചെയ്തു. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതില്‍ സംതൃപ്തിയുണ്ടെന്ന് മന്ത്രിപിന്നീട് നടന്ന യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. പൊതുവെ വിശ്വാസത്തില്‍ നിന്ന് അകലം പാലിക്കാറുള്ള സിപിഐഎമ്മില്‍പ്പെട്ട മന്ത്രി, ക്ഷേത്രദര്‍ശനം നടത്തിയതിനെയും ക്ഷേത്രാചാരങ്ങള്‍ പാലിക്കുകയും ചെയ്തതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സംഘപരിപാര്‍ സംഘടനകള്‍ രംഗത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

എന്നാല്‍ ദേവസ്വം മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് താന്‍ ചെയ്തതെന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം. കുടുംബാംഗങ്ങള്‍ എല്ലാവരും ഭക്തരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ല. ദേവസ്വം മന്ത്രി എന്ന നിലയിലാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത ഉള്ളവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ സംഭവത്തില്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top