നടിയെ ആക്രമിച്ച സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന് പിടി തോമസ് എംഎല്‍എ

പിടി തോമസ്

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പിടി തോമസ് എംഎല്‍എ. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിന്റെ നിലപാട് ഞെട്ടിപ്പിച്ചെന്നും പിടി തോമസ് പറഞ്ഞു.

കേസ് ബലാത്സംഗശ്രമം മാത്രമാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നതായി പിടി തോമസ് എംഎല്‍എ ആരോപിച്ചു.

നേരത്തെ പിന്‍വാങ്ങിയവരെല്ലാം ഇപ്പോള്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് പിടി തോമസ് കുറ്റപ്പെടുത്തി. കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. കെബി ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. പിടി തോമസ് പറഞ്ഞു.

ഓണത്തിന് ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സഹപ്രവര്‍ത്തകന്‍ കൂടിയായ ഗണേഷ് കുമാര്‍ ദിലീപിനെ പിന്തുണച്ച് പ്രസ്താവന നടത്തിയത്. ദിലീപ് നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. സിനിമാ മേഖലയിലുള്ളവര്‍ ദിലീപിന് വേണ്ടി രംഗത്തുവരണമെന്ന ആഹ്വാനവും ഗണേഷ് കുമാര്‍ നടത്തിയിരുന്നു. ഇതിനെതിരെ അന്വേഷണസംഘം തന്നെ കോടതിയെ സമീപിച്ചിരുന്നു.

താന്‍ ചീഫ് എഡിറ്ററായ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. ദിലീപിന് വേണ്ടി സഹതാപതരംഗമോ അനുകൂലതരംഗമോ ഉണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ലേഖനത്തിലൂടെ ചോദിക്കുന്നു. ജയിലില്‍ 60 ദിവസം പിന്നിട്ട ദിലീപ് ജാമ്യത്തിന് അര്‍ഹനാണെന്നും കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ദിലീപിനനുകൂലമായ സംസാരത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top