കഥാപാത്രത്തോട് നീതിപുലര്‍ത്തി; ‘ഹസീന പാര്‍ക്കര്‍’ ആയി ശ്രദ്ധ കപൂര്‍ എത്തുന്നു

ഹസീന പാര്‍ക്കറായി ശ്രദ്ധ കപൂര്‍

ദില്ലി: ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് ഹസീനപാര്‍ക്കര്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ കഥാപാത്രത്തോട് നീതി പുലര്‍ത്താനായിട്ടുണ്ടെന്ന് താരം പറഞ്ഞു.

”എനിക്ക് കഥ ഇഷ്ടപ്പെട്ടു, ജീവിതത്തില്‍ ഒത്തിരി നഷ്ടങ്ങള്‍ സംഭവിച്ച ഒരു സ്ത്രീയുടെ യഥാര്‍ഥ ജീവിതമാണത്. സിനിമ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ആയിരുന്നു, എങ്കിലും ഹസീന പാര്‍ക്കറോട് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.” പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കനുവദിച്ച അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

”ഏതൊരു സിനിമയോടും എന്നപോലെ തന്നെയാണ് ഞാന്‍ ഈ ചിത്രത്തെയും സമീപിച്ചത്, ഇത് ഒരു സംവിധായകന്റെ കാഴ്ചയാണ്.എന്നാല്‍ ആ കഥയോടും കഥാപാത്രത്തോടും നീതിപുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്,” ശ്രദ്ധ പറയുന്നു. ചിത്രത്തിന് മുന്നെ തനിക്ക് ഹസീന പാര്‍ക്കറെ കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നും സംവിധായകനാണ് അവരെക്കുറിച്ച് പറഞ്ഞു തന്നതെന്നും താരം വ്യക്തമാക്കി.

”ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിധിപ്രസ്താവന നടത്താന്‍ ഇല്ല, പ്രേക്ഷകര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാം, സിനിമ എല്ലാ വശങ്ങളും പറയുന്നുണ്ട്. കൗമാരം തൊട്ട് 40 വയസ്സ് വരെയുള്ള ഹസീന പാര്‍ക്കറുടെ ജീവിതമാണ് സിനിമ.” ശ്രദ്ധ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനായ് വന്‍ മെയ്‌ക്കോവറാണ് താരം നടത്തിയത്, ഇതിനായി അവര്‍ ഭാരം വര്‍ധിപ്പിച്ചു.

സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അപൂര്‍വ്വ ലഖിയാസ് ആണ്. ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാന്ത് കപൂര്‍ ദാവൂദ് ഇബ്രാഹിം ആയി എത്തുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top