നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് അന്വേഷണസംഘം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കൈക്കൊണ്ട നിലപാടില്‍ അന്വേഷണസംഘത്തിന് അതൃപ്തി. കേസന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയ ഉറപ്പിലാണ് അന്വേഷണസംഘം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളോട് ആലോചിക്കാതെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ഇക്കാര്യം കോടതിയില്‍ പറഞ്ഞതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കേസന്വേഷണം സംബന്ധിച്ച് അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെയായിരുന്നു ഇത്. തുടര്‍ന്നാണ് ഡിജിപി കേസന്വേഷണം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച സമയപരിധി കോടതിയെ അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഡിജിപി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ഈ നിലപാട് അന്വേഷണസംഘത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളുമായി ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നത് കുറ്റപത്രത്തെ ബാധിക്കുമെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു അന്വേഷണസംഘത്തിനെതിരെ കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. കേസന്വേഷണം തിരക്കഥ പോലെയാണോയെന്ന് ആരാഞ്ഞ കോടതി എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നും ചോദിച്ചു. കേസില്‍ ആദ്യമായാണ് പൊലീസിന് കോടതിയില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഇത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് പൊലീസ് കരുതുന്നു. അന്വേഷണ പുരോഗതി കോടതിയെ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top