ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് ഗുജറാത്തില്‍ സ്വീകരണം ഒരുക്കിയതില്‍ അസ്വഭാവികതയെന്ന് കോണ്‍ഗ്രസ്; നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആരോപണം

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ പ്രധാനമന്ത്രിക്കും പത്‌നിക്കുമൊപ്പം മോദി

ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അഹമ്മദാബാദില്‍ സ്വീകരണം ഒരുക്കിയതില്‍ ദുരുദ്ദേശമുണ്ടെന്ന് കോണ്‍ഗ്രസ്. എന്തുകൊണ്ട് ആബെയ്ക്ക് ദില്ലിയില്‍ സ്വീകരണം ഒരുക്കിയില്ല, ഇത് ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് രാജ്യ തലസ്ഥാനത്തിന് പകരം അഹമ്മദാബാദില്‍ സ്വീകരണം ഒരുക്കിയത് തികച്ചും അസ്വഭാവിക നടപടിയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കിയത്. ജപ്പാനെ പോലൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ത്യയുടെ മുഖ്യ പങ്കാളിയാണ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് അഹമ്മദാബാദില്‍ സ്വീകരണം ഒരുക്കിയതില്‍ ദുരൂഹതയുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സന്ദര്‍ശനം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ല, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നും തിവാരി പറഞ്ഞു.

ജപ്പാനുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉളളത്.  ഇത് തുടങ്ങിയത്‌  യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഇന്ത്യയുടെ പാരമ്പര്യത്തിന് വിപരീതമാണെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഷിന്‍സോ ആബെ ഇന്നലെയാണ് അഹമ്മദാബാദില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ അക്കി ആബെയും ഉണ്ടായിരുന്നു. പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഇരുവരെയും സ്വീകരിച്ചത്. ഗുജറാത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നൃത്തരൂപങ്ങളുടെയും വാദ്യഘോഷങ്ങളോടെയുമാണ്‌ ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

12ാം മത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഷിന്‍സോ, നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് 508 കിലോമീറ്റര്‍ ദുരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നത്. 1.10 ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാന്‍ സഹായമാണ്. 0.1 ശതമാനം പലിശ നിരക്കില്‍ 50 വര്‍ഷത്തേക്കാണ് ജപ്പാന്‍ വായ്പ അനുവദിച്ചിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top