കെപിസിസി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി; പിന്തുണയുമായി കെ മുരളീധരന്‍

കെ മുരളീധരന്‍

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് കെ മുരളീധരന്‍ എംഎല്‍എ വീണ്ടും രംഗത്ത്. ഉമ്മന്‍ ചാണ്ടി സമ്മതിച്ചാല്‍ കെപിസിസി പ്രസിഡന്റാകാന്‍ യോഗ്യന്‍ അദ്ദേഹമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനവും നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും എന്നാല്‍ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന. ഉമ്മന്‍ ചാണ്ടി ഏത് സ്ഥാനത്തിനും യോഗ്യനാണ്. എന്നാല്‍ തനിക്ക് പ്രത്യേക സ്ഥാനങ്ങള്‍ ഒന്നും വേണ്ടെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുയാണ്. അതേസമയം, അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രയത്‌നിക്കുന്നുമുണ്ട്.

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അനാവശ്യമാണ്. രമേശ് ചെന്നിത്തലയ്ക്ക് യോഗ്യതയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. യോഗ്യതയുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഉമ്മന്‍ ചാണ്ടിയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണ്, എന്നാല്‍ ചെന്നിത്തലയ്ക്ക് ഒരു അയോഗ്യതയുമില്ല.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞെന്ന് മുരളീധനര്‍ പറഞ്ഞു. ഗ്രൂപ്പ് മാറ്റത്തിന്റെ ഭാഗമായല്ല താന്‍ ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്നത്. മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ ബഹുമാനിക്കുന്നതില്‍ എന്താണ് തെറ്റ്. പാര്‍ട്ടിക്ക് വേണ്ടി ഗ്രൂപ്പിന് അതീതമായി ഒന്നിച്ച് നില്‍ക്കണം. കെകരുണാകരനും എകെ ആന്റണിയും ആ നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആന്റണി പാര്‍ട്ടി പ്രസിഡന്റും കരുണാകരന്‍ മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടമാണ് കോണ്‍ഗ്രസിന്റെ സുവര്‍ണകാലം. മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുരളീധരന്‍ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് താനാണ് യോഗത്തില്‍ വിശദീകരണം നടത്തിയത്. മുരളീധരന്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top