നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധി കാത്ത് ദിലീപ്‌; ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് ഇപ്പോള്‍ ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം. ഈ മാസം 18 നാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുക.

ദിലീപ് മൂന്നാം ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ ഇന്ന് സമീപിക്കുമെന്നായിരുന്നു അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെ ആ തീരുമാനം മാറ്റുകയായിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധിയെ ആശ്രയിച്ച് ഇനി ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അന്വേഷണസംഘം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി വാക്കാല്‍ വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം, ചോദ്യം ചെയ്യലിന് നാളെ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന് മുന്‍പാകെ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top