റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം

റൊണാള്‍ഡോ ഗോള്‍ നേടുന്നു

ബെര്‍ണബ്യു : ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. എതിരാളിയായ സൈപ്രസ് ടീം അപോയെലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. റയലിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി.


സസ്‌പെന്‍ഷന് ശേഷം കളത്തില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ മല്‍സരത്തിന്റെ 12 ആം മിനുട്ടില്‍ അപോയെല്‍ ഗോള്‍ വല ചലിപ്പിച്ച് ലക്ഷ്യം വ്യക്തമാക്കി. 34 ആം മിനുട്ടില്‍ റൊണാള്‍ഡോ ഗോളിനടുത്തെത്തിയെങ്കിലും ഇഞ്ചുകള്‍ക്ക് ഗോള്‍ നഷ്ടമായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൊണോ തൊടുത്ത ഷോട്ട് ക്രോസ് ബാറിലിടിച്ച് ഗോള്‍ലൈനില്‍ പതിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

എന്നാല്‍ അഞ്ചുമിനുട്ടിനകം  റൊണാള്‍ഡോ വീണ്ടും അപോയെല്‍ വല കുലുക്കി. റോബെര്‍ട്ടോ ലാഗോ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് റൊണോ, ചാമ്പ്യന്മാരുടെ ലീഡ് ഉയര്‍ത്തിയത്. 61 ആം മിനുട്ടില്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളിലൂടെ റയല്‍ ചാമ്പ്യന്‍സ് ലീഗിലെ തുടക്കം ഗംഭീരമാക്കി.


മറ്റു മല്‍സരങ്ങളില്‍ ബെറൂസിയ ഡോര്‍ട്ട്മുണ്ടിനെ, ടോട്ടനം ഹോട്ട്‌സ്‌പെയറും ഡച്ച് ക്ലബ് ഫെയ്‌നൂര്‍ദിനെ മാഞ്ചസ്റ്റര്‍ സിറ്റിയും പരാജയപ്പെടുത്തി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഫെയ്‌നൂര്‍ദിനെതിരെ സിറ്റിയുടെ വിജയം. ജോണ്‍ സ്‌റ്റോണ്‍സിമന്റെ ഇരട്ട ഗോളുകളും, സെര്‍ജിയോ അഗ്യൂറോ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിയ്ക്ക് തകര്‍പ്പന്‍ വിജയമൊരുക്കിയത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയത്. ഹാരി കെയിന്‍ രണ്ടു ഗോള്‍ നേടി. ഇറ്റാലിയന്‍ ടീമായ നാപ്പോളിക്ക് എതിരെ ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് വിജയം നേടിയപ്പോള്‍, രണ്ട് ഗോളുകള്‍ വീതം നേടി ലിവര്‍പൂള്‍ – സെവിയ്യ പോരാട്ടം സമനിലയില്‍ പിരിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top