ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് ഇന്ന് തുടക്കം;  നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിക്കും

ബുള്ളറ്റ് ട്രേയിന്‍ ( ഫയല്‍ ചിത്രം)

ദില്ലി : ജപ്പാന്‍ സഹകരണത്തോടെയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് നിര്‍വഹിക്കും. അഹമ്മദാബാദ് സബര്‍മതി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് ഉദ്ഘാടന വേദി സജ്ജീകരിച്ചിട്ടുള്ളത്. ഇന്നലെ ഇന്ത്യയിലെത്തിയ ആബെയുടെ ആദ്യ ഔദ്യാഗിക പരിപാടിയാണിത്.


മുംബൈയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് 508 കിലോമീറ്റര്‍ ദുരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നത്. 1.10 ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാന്‍ സഹായമാണ്. 0.1 ശതമാനം പലിശ നിരക്കില്‍ 50 വര്‍ഷത്തേക്കാണ് ജപ്പാന്‍ വായ്പ അനുവദിച്ചിട്ടുള്ളത്.


2023 ല്‍ ബുള്ളറ്റ് ട്രോയിന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം പ്രഖ്യാപിത സമയപരിധിയ്ക്ക് മുമ്പ്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 75 വര്‍ഷം തികയുന്ന 2022 ആഗസ്റ്റ് 15 ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പിടും. ജപ്പാനുമായുളള പ്രഥമ പ്രതിരോധ ഇടപാടു സംബന്ധിച്ചും ഇന്ത്യ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കരയിലും കടലിലും ഉപയോഗിക്കാവുന്ന യുസ് 2 വിമാനം ജപ്പാനില്‍ നിന്ന് വാങ്ങുന്നകാര്യത്തിലും ഉടന്‍ തീരുമാനമെടുക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top