‘രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് നീങ്ങി പ്രധ്യുമന്‍, പുറത്തെത്തിയതും കുഴഞ്ഞു വീണു’; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്

പ്രധ്യുമന്‍ താക്കൂര്‍

ചണ്ഡിഗഢ്: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട ഏഴു വയസുകാരന്‍ പ്രധ്യുമന്‍ താക്കൂറിന്റെ അവസാന നിമിഷങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. രക്തത്തില്‍ കുളിച്ച് ശുചിമുറിക്ക് പുറത്തേക്ക് ഇഴഞ്ഞു വരുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ശുചി മുറിക്ക് പുറത്തെത്തിയതും കുട്ടി കുഴഞ്ഞു വീണുവെന്നും പൊലീസ് അറിയിച്ചു.

ശുചിമുറിയിലേക്ക് പ്രധ്യുമന്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. മിനിട്ടുകള്‍ക്കുള്ളില്‍ കേസിലെ പ്രതിയും സ്‌കൂളിലെ ബസ് കണ്ടക്ടറുമായ അശോക് കുമാര്‍ ശുചിമുറിയിലേക്ക് പ്രവേശിച്ചു. അല്‍പസമയത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കുട്ടി ശുചിമുറിക്ക് പുറത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. പുറത്തെത്തിയതും കുട്ടി വാതിലിന് സമീപം കുഴഞ്ഞു വീണു. തറയില്‍ രക്തം പരക്കുന്നതും വീഡിയോയിലുണ്ട്.

ശുചി മുറിക്ക് പുറത്തു സ്ഥാപിച്ചിരുന്ന ഒരു സിസിടിവി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ നിന്നുമാണ് കുട്ടിയുടെ അവസാന നിമിഷങ്ങള്‍ പൊലീസ് കണ്ടെടുത്തത്.

അമിത രക്തസ്രാവമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിട്ടുകള്‍ക്കുള്ളില്‍ വലിയൊരു അളവ് രക്തമാണ് വാര്‍ന്നു പോയത്. കത്തി ഉപയോഗിച്ചുള്ള രണ്ട് മുറിവുകളാണ് പ്രധ്യുമന്റെ കഴുത്തില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

വെള്ളിയാഴ്ചയാണ് പ്രധ്യുമന്‍ കൊല്ലപ്പെടുന്നത്. സ്‌കൂളിലെത്തിയാല്‍ ശുചിമുറിയില്‍ പോകുന്ന പതിവ് പ്രധ്യുമനുണ്ടായിരുന്നു. ഇത്തരത്തില്‍ പോയപ്പോഴായിരുന്നു കുട്ടി കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അശോക് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും മറ്റൊരു അധ്യാപകനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top