വേങ്ങര ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി ജയിക്കുമെന്ന് അവകാശപ്പെടുന്നില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കുമെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തത്സമയ സംവാദ പരിപാടിയായ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ ഇത്തവണ മുസ്‌ലിം ലീഗിന് അനായാസം ജയിക്കാനാകില്ല. കടുപ്പമാകും ഇത്തവണത്തെ മത്സരം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കടുത്ത പോരാട്ടം കാഴ്ച വെക്കാന്‍ ഇടതുമുന്നണിക്ക് സാധിക്കും. ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും ലീഗ് മുന്‍എംഎല്‍എ കെഎന്‍എ ഖാദര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു. പാര്‍ട്ടി മികച്ച വിജയം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 11 നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം 15 ന് പുറത്തുവരും. ഇരുമുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഡിഎഫില്‍ മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് വേങ്ങര. ലീഗിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നാണ് വേങ്ങര. ഇടതുമുന്നണിയില്‍ സിപിഐഎം ആണ് മത്സരിക്കുന്നത്. പൊതു സമ്മതനെയാണ് പാര്‍ട്ടി തേടുന്നത്. ലീഗ് വിമതന്‍മാരെയും പാര്‍ട്ടി നോട്ടമിടുന്നുണ്ട്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,000 ല്‍ പരം വോട്ടകള്‍ക്കായിരുന്നു മുസ്‌ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി ജയിച്ചത്. അതിനാല്‍ത്തന്നെ ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങളൊന്നും തന്നെ ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. എന്നാലും നിലവിലെ സാഹചര്യത്തില്‍ ഒരു ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് പാര്‍ട്ടിയും മുന്നണിയും കരുതുന്നത്. ലീഗിന്റെ അപ്രമാദിത്വം മനസിലാക്കിയിട്ടു തന്നെയാണ് ആനത്തലവട്ടം ആനന്ദന്‍ ജയിക്കുമെന്ന് അവകാശപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top