special page

“ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിക്കുന്നു”, നിലപാട് വ്യക്തമാക്കി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍

സെബാസ്റ്റ്യന്‍ പോള്‍, റോണ്‍ ബാസ്റ്റ്യയന്‍

നടിയെ ആക്രമിച്ച കേസിലെ സെബാസ്റ്റിയന്‍ പോളിന്റെ നിലപാടിനോട് വിയോജിച്ച് മകന്‍ റോണ്‍ ബാസ്റ്റ്യന്‍. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് റോണ്‍ തന്റെ നിലപാട് പ്രഖ്യാപിച്ചത്. എഡിറ്ററുടെ കുറിപ്പിനോട് യോജിക്കുന്നില്ല എന്നത് തുറന്നുപറഞ്ഞുകൊണ്ടുള്ള ഒറ്റവരിക്കുറിപ്പിലൂടെയാണ് സെബാസ്റ്റ്യയന്‍ പോളിന്റെ അഭിപ്രായമല്ല തന്റേത് എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരിക്കുന്നത്.

ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള അംഗങ്ങളുള്‍പ്പെടെ റോണിനെ അനുകൂലിച്ച് കമന്റുകള്‍ എഴുതിയിട്ടുണ്ട്. സംവിധായകന്‍ ആഷിഖ് അബുവും റോണിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തി.

എഡിറ്റോറിയല്‍ ബോര്‍ഡിന്റെ അഭിപ്രായം കേള്‍ക്കാതെയാണ് സെബാസ്റ്റ്യന്‍ പോളും മാനേജുമെന്റും ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനത്തില്‍ നിന്നുള്ളവര്‍ തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെയാണ് രംഗത്തെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് സ്ഥാപനം ഇതുവരെ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ക്ക് വിരുദ്ധമാണ് ലേഖനമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു.

വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണൊണ് സെബാസ്റ്റ്യയന്‍ പോള്‍ ലേഖനത്തില്‍ കുറിച്ചത്. സെബാസ്റ്റ്യന്‍ പോള്‍ അടങ്ങുന്ന എഡിറ്റോറിയല്‍ ബോഡിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനം പുറത്തുവന്നയുടനെ വിവാദങ്ങളുണ്ടായി.

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ അവസ്ഥയുമായും ദിലീപിനെ താരതമ്യം ചെയ്യുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍. മഅദനിക്ക് വേണ്ടി ജസ്റ്റീസ് ഫോര്‍ മഅദനി ഫോറം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തനിക്കുണ്ടായെന്നും എന്നാല്‍ ദിലീപിനുവേണ്ടി അത്തരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സെബാസ്റ്റിയന്‍ പോള്‍ പറയുന്നു. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ദിലീപിനനുകൂലമായ സംസാരത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറയുന്നു. അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം താന്‍ ചേരുന്നു. ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് തങ്ങള്‍ തമ്മില്‍ ഇല്ലെന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ വിശദീകരണം.

ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

കൊച്ചിയിലെ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നുണ്ട്. അതിന് പിന്നാലെ ഗൂഢാലോചനയുടെ കാര്യം ആദ്യം പറയുന്നത് മഞ്ജു വാര്യരാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അതിന്റെ അടിസ്ഥാന വശം മഞ്ജു വെളിപ്പെടുത്താത്തതില്‍ നിഗൂഢതയുണ്ടെന്നും സന്ധ്യയോട് അക്കാര്യം പറയാനാണ് സാധ്യതയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ദിലീപിന്റെ ജീവിതമെന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു. ദിലീപിനോടുള്ള സെബാസ്റ്റിയന്‍ പോളിന്റെ അനുഭാവവും താല്‍പര്യവും ഈ ചോദ്യത്തില്‍ നിന്നും വ്യക്തമാണ്.

ദിലീപിന് വേണ്ടി സഹതാപതരംഗമോ അനുകൂലതരംഗമോ സൃഷ്ടിക്കപ്പെടുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും പ്രതികൂലതരംഗം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ പൊലീസ് നന്നായി ഉപയോഗിക്കുന്നുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുവെക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top