ആഡംബര ജീവിതം; സിപിഐഎം എംപി ഋതബ്രത ബാനര്‍ജിയെ പുറത്താക്കണമെന്ന് ബംഗാള്‍ ഘടകം

ഋതബ്രതാ ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎം രാജ്യസഭ അംഗവും എസ്എഫ്‌ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കണമെന്ന് ബംഗാള്‍ ഘടകം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ബംഗാള്‍ സെക്രട്ടറിയേറ്റാണ് ആവശ്യമുന്നയിച്ചത്. ആഢംബര ജീവിതം നയിച്ചതിന് മൂന്ന് മാസത്തെക്ക് ഇദ്ദേഹത്തെ പാര്‍ട്ടി നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ആഡംബര ജീവിതരീതിയെ കുറിച്ച് മറ്റ് അംഗങ്ങളില്‍ നിന്നുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വില കൂടിയ ആപ്പിള്‍ വാച്ചും മൗണ്ട് ബ്ലാങ്ക് പേനയും ഉപയോഗിച്ചതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇത്രയും വിലയുള്ള വസ്തുക്കള്‍ ഉപയോഗിക്കാനുള്ള വരുമാനത്തെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നിയമിച്ചിരുന്നു.

പാര്‍ട്ടി അദ്ദേഹത്തിന് ഒരു മാസം 6000 രൂപ മാത്രമാണ് നല്‍കുന്നത്, എങ്കില്‍ 23,400 രൂപ മുതല്‍ 70350 രൂപവരെ വിലയുള്ള വാച്ചും 30,000തോളം വിലയുള്ള പേനയും വാങ്ങാന്‍ എങ്ങനെയാണ് കഴിയുന്നത്?. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മറ്റു വരുമാനം അന്വേഷിക്കണമെന്നാണ് പ്രവര്‍ത്തകന്‍ ആവശ്യമുന്നയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഋതബ്രതയെ സസ്‌പെന്റ് ചെയ്തത്. കൂടാതെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പാര്‍ട്ടി അദ്ദേഹത്തിന് താക്കീത് നല്‍കിയിരുന്നു.

പ്രകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനാണ് ഋതബ്രത. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി അടുത്ത ബന്ധമാണ് ഋതബ്രാതയ്ക്ക്. 2014ല്‍ രാജ്യസഭയിലേക്ക് ഋതബ്രാതയെ ശുപാര്‍ശ ചെയ്തത് ബുദ്ധദേവ് ആയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top