ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചത് മന്ത്രിയെന്ന നിലയില്‍; കുടുംബാംഗങ്ങള്‍ വിശ്വാസികള്‍: കടകംപള്ളി

തിരുവനന്തപുരം: അഷ്ടമി രോഹിണി ദിനത്തിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാടും വിവാദമായതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ദേവസ്വം മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് താന്‍ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങള്‍ എല്ലാവരും ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ല. ദേവസ്വം മന്ത്രി എന്ന നിലയിലാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത ഉള്ളവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. മന്ത്രി പറഞ്ഞു.

മന്ത്രി ക്ഷേത്രദര്‍ശനം നടത്തിയതും പുഷ്പാഞ്ജലി വഴിപാട് നടത്തിയും ചൂണ്ടിക്കാട്ടി ബിജെപി ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിശ്വാസത്തിലുള്ള സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നെതന്നായിരുന്നു ബിജെപി പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

അതേസമയം, സിപിഐഎം പ്രവര്‍ത്തകര്‍ പുഷ്പാഞ്ജലി കഴിപ്പിക്കാറില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. എന്നാല്‍ ദേവസ്വംമന്ത്രി എന്ന നിലയില്‍ കടകംപള്ളി പല ക്ഷേത്രങ്ങളിലും പോകാന്‍ നിര്‍ബന്ധിതനാകും. അവിടെ പോയപ്പോള്‍ ഗുരുവായൂരപ്പനെ തൊഴുത് കാണും. അത് വലിയ കാര്യമായി കാണേണ്ടതില്ല. വിശ്വാസികള്‍ക്ക് മാത്രമേ അമ്പലത്തില്‍ കയറാന്‍ കഴിയൂ എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top