വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖകരാറില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ എന്തിനാണ് ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടതെന്ന് കോടതി ചോദിച്ചു. വിഴിഞ്ഞം കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് കോടതി ഈ മാസം 25 ന് പരിഗണിക്കാനായി മാറ്റി.

യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാര്‍ സംസ്ഥാന താത്പര്യത്തിന് യോജിച്ച രീതിയില്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എംകെ സലിം നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

കരാറിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശ വാദങ്ങളില്‍ കോടതി സംശയം രേഖപ്പെടുത്തി. സിഎജി റിപ്പോര്‍ട്ട് പ്രകാരം കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്നും ആദ്യ 40 വര്‍ഷം ഒന്നും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 25 ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പദ്ധതികൊണ്ട് കേരളത്തിന് നേട്ടം ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി സിഎജി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പദ്ധതി കേരളത്തിന് നഷ്ടവും അദാനി ഗ്രൂപ്പിന് വന്‍ലാഭവും ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. റിട്ടയേഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ് കരാറിനെ കുറിച്ച് അന്വേഷിക്കുക.

അതേസമയം, കരാറില്‍ ക്രമക്കേട് ആരോപിക്കുന്ന സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് പരാതി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചട്ടവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top