മോചനത്തില്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം

ദില്ലി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ ഒമാന് നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫാദര്‍ ടോം ഉഴുന്നാലുമായി സംസാരിച്ചെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉഴുന്നാല്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് സുഷമാ ഇക്കാര്യം അറിയിച്ചത്.

ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ വിട്ടയച്ചത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8.50 ഓടെയാണ് ഫാ.ടോം മസ്‌കറ്റിലെത്തിയത്. ഒമാനില്‍ എത്തിച്ച അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നല്‍കുന്നുണ്ട്.

സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചിരുന്നു. എന്നാല്‍ ഉഴുന്നാലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, സൗദി അറേബ്യന്‍ സര്‍ക്കാരിനെ ഇടപെടുത്തി നയതന്ത്ര നീക്കങ്ങള്‍ നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top