നിശ്ചല ദൃശ്യത്തിന് പിഞ്ചുകുഞ്ഞിനെ ‘ആലില’യില്‍ കിടത്തിയത് മണിക്കൂറുകള്‍, പരാതി പറയാന്‍ വിളിച്ചപ്പോള്‍ കുട്ടിക്ക് പരാതിയുണ്ടോ എന്ന് മറുചോദ്യം; സംഭവം വിവരിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ മൂന്ന് വയസ് പ്രായംവരുന്ന കുട്ടിയെ നിശ്ചലദൃശ്യത്തിനായി കെട്ടിയിട്ടത് മണിക്കൂറുകള്‍. പയ്യന്നൂരില്‍ നടന്ന ഘോഷയാത്രയിലായിരുന്നു ഇത്തരത്തിലൊരു കാഴ്ച. ആലിലയില്‍ കിടക്കുന്ന കണ്ണനാക്കാനാണ് കുട്ടിയെ കെട്ടിയിട്ടത്. ശ്രീകാന്ത് എന്ന ചെറുപ്പക്കാരന്‍ സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ഇത്തരത്തിലൊരു ക്രൂരത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കാന്‍ വിളിച്ചപ്പോള്‍ കുട്ടിക്ക് പരാതിയുണ്ടോ എന്നായിരുന്നു മറുചോദ്യമെന്നും ശ്രീകാന്ത് പറയുന്നു.

വെയില്‍ കത്തി നിന്ന സമയത്തായിരുന്നു കുട്ടികള്‍ ശ്രീകൃഷ്ണ വേഷം കെട്ടി ഘോഷയാത്രയില്‍ അണിനിരന്നതെന്ന് ശ്രീകാന്ത് പറയുന്നു. ആലിലയില്‍ കണ്ണും പൂട്ടി തളര്‍ന്നിരുന്ന കുട്ടിയെ കണ്ടപ്പോള്‍ പ്രതിമയായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് കുട്ടി കൈ, കാലുകള്‍ ചലിപ്പിക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതെന്നും ശ്രീകാന്ത് കുറിച്ചു. കുട്ടിയുടെ അരഭാഗം ഇലയില്‍ ബന്ധിപ്പിച്ചിരുന്നു.

ആ കുരുന്നിന്റെ അവസ്ഥ കണ്ട് ചൈല്‍ഡ് ലൈന്‍ സഹായ നമ്പറായ 1098 ല്‍ വിളിച്ചു. ആദ്യം സംസാരിച്ച വ്യക്തി പറഞ്ഞത് കുട്ടിക്കോ രക്ഷിതാവിനോ പരാതിയുണ്ടോ എന്നാണ് ചോദിച്ചത്. അനുമതി വാങ്ങിയാണ് അവര്‍ പരിപാടി നടത്തുന്നതെന്നും പറഞ്ഞു.

കുറേ സംസാരങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ കാള്‍ ട്രാന്‍സ്ഫര്‍ ചെയ്തു തന്നു. തുടര്‍ന്ന് മൂന്നോളം ഫോണ്‍ കൈമാറ്റത്തിനു ശേഷം പയ്യന്നൂരിലുള്ള ചെയില്‍ഡ് ലൈന്‍ ചുമതലയുള്ള ഉദ്യോഗസ്ഥയോട് സംസാരിക്കുവാന്‍ കഴിഞ്ഞു. അവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ പറഞ്ഞപ്പോള്‍, അത് ഞങ്ങളുടെ കടമയല്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങളുടെ കടമയെന്നുമായിരുന്നു മറുപടി. ഫോണ്‍ കട്ടു ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ മറ്റൊരാള്‍ തന്നെ വിളിച്ചു. പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് പറഞ്ഞു. പയ്യന്നൂര്‍ എസ്‌ഐ അടക്കമുള്ളവര്‍ അടുത്തുള്ളപ്പോഴാണ് ഈ സംഭവമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top