ജാമ്യവ്യവസ്ഥ ലംഘിച്ച് ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍; കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

കാരായി രാജന്‍

കൊച്ചി: ഫസല്‍ വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന സിപിഐഎം നേതാവ് കാരായി രാജന്റെ ജാമ്യം റദ്ദുചെയ്യണമെന്ന ആവശ്യവുമായി സിബിഐ, ഹൈക്കോടതിയെ സമീപിക്കുന്നു. കാരായി രാജന്റെ ജാമ്യം റദ്ദുചെയ്യണമെന്ന ആവശ്യം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സിബിഐ അറിയിച്ചു.

തലശേരിയില്‍ കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ കാരായി രാജന്‍ എത്തിയിരുന്നു. ചടങ്ങില്‍ രാജനെത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇതിനാല്‍ ജാമ്യം റദ്ദുചെയ്യണമെന്നുമാണ് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.

2006 -ല്‍ തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പിന്നീട് നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച കാരായി രാജനെ സിപിഐഎം നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും നിയമിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ രാജന്‍ സമീപിച്ചെങ്കിലും കോടതി അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. ജില്ലാപഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാനായി മാത്രം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാണ് കാരായി രാജന് അനുമതിയുള്ളത്.

ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് ചലചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ കാരായി രാജന്‍ പങ്കെടുത്തതിന്റെ പേരില്‍ ജാമ്യം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചലചിത്ര അവാര്‍ഡ് ദാനപരിപാടിയിലാണ് കാരായി രാജന്‍ പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിന് മുന്‍ നിരയില്‍ ഇരിക്കുകയും ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന പ്രത്യേക ടാഗ് ധരിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കാരായി രാജന്‍ രംഗത്തെത്തിയിരുന്നു. കോടതിയുടെ അനുമതിയോടെയാണ് താന്‍ കണ്ണൂരിലെത്തിയതെന്ന് രാജന്‍ പറഞ്ഞു. എന്നാല്‍ പിറ്റേന്ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയില്‍ ചലചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്തതിനെതിരേയാണ് സിബിഐ കോടതിയെ സീപിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാല്‍ എറണാകുളം തൃപ്പൂണിത്തുറയിലാണ് കാരായി രാജന്‍ ഇപ്പോള്‍ താമസിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എറണാകുളം ജില്ല വിട്ടു പോകാന്‍ കാരായി രാജന് സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു അനുമതി. രാജന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി അനുമതി നല്‍കിയത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top