നാദിര്‍ഷ 15 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി

നാദിര്‍ഷ ( ഫയല്‍ ചിത്രം )

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 15 ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിന് ഈ മാസം 18 ലേക്ക് കോടതി മാറ്റിവെച്ചു.

അതേസമയം, കേസിലെ അന്വേഷണസംഘത്തിന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങളാണ് ഇന്ന് നേരിടേണ്ടി വന്നത്. കേസന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. അന്വേഷണം രണ്ടാഴ്ചയ്ക്കകം തന്നെ പൂര്‍ത്തിയാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ തത്കാലമില്ലെന്നും ഡിജിപി കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണം എപ്പോള്‍ അവസാനിക്കുമെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. സിനിമാ തിരക്കഥ പോലെയാണോ പൊലീസിന്റെ അന്വേഷണം. അന്വേഷണസംഘം ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണ്. ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ അന്വേഷണം നടത്തുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണം. കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എന്തിനാണ് എതിര്‍ക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ. കോടതി ചോദിച്ചു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചല്ല, ബുദ്ധി ഉപയോഗിച്ചാണ് കേസ് അന്വേഷിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ പുറത്തുവരുന്നുണ്ടെന്ന് വാദത്തിനിടെ നാദിര്‍ഷയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അങ്ങനെ വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ രണ്ടാമതും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാദിര്‍ഷയ്ക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ നാദിര്‍ഷ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസമാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷ ഇനിയും തയ്യാറായിട്ടില്ല. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നാദിര്‍ഷായോട് നിര്‍ദ്ദേശിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top