വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാകില്ല: ഭീഷണികളെ വകവെയ്ക്കുന്നില്ലെന്നും ദലിത് ചിന്തകന്‍ കാഞ്ച ഇളയ്യ

ഹൈദരാബാദ് : തോക്കുകളെ താന്‍ ഭയപ്പെടുന്നില്ലെന്നും, എഴുത്ത് തുടരുമെന്നും ദലിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യ. തനിയ്ക്ക് നേരെ നിരന്തരമായുണ്ടാകുന്ന ഭീഷണികളെ ഭയക്കുന്നില്ലെന്നും, വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വെല്ലുവിളികളും തന്നെ ബാധിക്കില്ലെന്നും, രാജ്യത്തെ ദലിതര്‍ക്കും, താഴ്ന്ന വിഭാഗക്കാര്‍ക്കും വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിരന്തരം ഭീഷണി സന്ദേശം ലഭിക്കുന്നതായും, ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി കാഞ്ച ഇളയ്യ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ കാഞ്ച ഇളയ്യ സൂചിപ്പിച്ചു.

ഇന്റര്‍നാഷണല്‍ ആര്യ വൈശ്യ സംഘം തലവന്‍ കെ രാമകൃഷ്ണ കഴിഞ്ഞദിവസം കാഞ്ച ഇളയ്യയുടെ എഴുത്തുകളെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല ചിലര്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആര്യ വൈശ്യ സംഘത്തിന് ആയിരിക്കുമെന്നും കാഞ്ച ഇളയ്യ പരാതിയില്‍ പറഞ്ഞിരുന്നു.

കാഞ്ച ഇളയ്യ പ്രസിദ്ധീകരിച്ച സാമാജിക സ്മഗ്ഗലൂര്‍ലു കോമാട്ടൊല്ലു (വൈശ്യന്മാര്‍ സാമൂഹിക കവര്‍ച്ചക്കാര്‍ ) എന്ന പുസ്തകത്തിനെതിരെ വൈശ്യ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കത്തിലെ പല ഭാഗങ്ങളും സമുദായത്തിന് എതിരാണെന്നും, അപകീര്‍ത്തികരമാണെന്നും വൈശ്യ സംഘടനകള്‍ പരാതിപ്പെട്ടിരുന്നു.

പുസ്തകം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. പുസ്തകം സമുദായത്തിന് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ആര്യ വൈശ്യ മഹാസഭ ആന്ധ്രപ്രദേശ് പ്രസിഡന്റ് ജെ വെങ്കടേശ്വര്‍, കാഞ്ച ഇളയ്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top